തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് ഇന്ന് നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഇറ്റലിയിൽ നിന്നും വരുന്ന കരുത്തരായ ഇന്റർ മിലാനെ നേരിടാൻ ഒരുങ്ങുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ചാമ്പ്യൻസ് ലീഗ് ട്രോഫിയാണ് ലക്ഷ്യമിടുന്നത്.
മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിൽ പങ്കെടുത്ത സിറ്റി താരം ഡി ബ്രുയ്നെ മാഞ്ചസ്റ്റർ സിറ്റി ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിട്ടില്ല എന്ന അധ്യായം അവസാനിപ്പിക്കാൻ തങ്ങൾ റെഡിയാണെന്ന് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിനും കളിക്കാർക്കും ഇത് വലിയൊരു നേട്ടമായിരിക്കുമെന്നും സൂപ്പർ താരം കൂട്ടിച്ചേർത്തു.
“ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നത് സ്വപ്നമാണ്. ഞാൻ വളരെക്കാലമായി സിറ്റിയിലുണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ഇത് അവിശ്വസനീയമായ എട്ട് വർഷങ്ങളാണ്. പക്ഷേ ഇതുവരെ ഞങ്ങൾ ചാമ്പ്യൻസ് ലീഗ് വിജയിച്ചിട്ടില്ല. ആളുകൾക്ക് ഞങ്ങൾക്ക് നൽകാൻ കഴിയുന്ന ഒരേയൊരു ചെറിയ ഓർമ്മപ്പെടുത്തൽ അതാണ്. ഞങ്ങൾ സ്ഥിരത പുലർത്തുന്നുണ്ട്, പക്ഷേ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതിനുള്ള ഒരു വഴി ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്.”
“ഞങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ അത് കളിക്കാർക്കും ക്ലബ്ബിനും വളരെ വലുതായിരിക്കും. ഞങ്ങൾ അത് നേടാൻ കഴിവുള്ളവരാണെങ്കിൽ ആ അധ്യായം അവസാനിപ്പിക്കാൻ ഞങ്ങൾക്ക് മുന്നിൽ ഇപ്പോൾ അവസരമുണ്ട്. ആളുകൾ ഞങ്ങളെ ഫേവറിറ്റുകൾ എന്ന് വിശേഷിപ്പിക്കുന്നുണ്ട്, എന്നാൽ ഇവിടെ രണ്ട് ടീമും ഒരുപോലെയാണ്, കിരീടം നേടാൻ തന്നെയാണ് രണ്ട് ടീമും വരുന്നത്” – ഡി ബ്രൂയ്നെ പറഞ്ഞു.
തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് അരങ്ങേറുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം ഇന്ത്യൻ സമയം പുലർച്ചെ 12:30നാണ് ലൈവ് സംപ്രേഷണം ഉണ്ടാവുക. മത്സരങ്ങളുടെ ലൈവ് ലിങ്കുകൾ GoalMalayalam ടെലിഗ്രാം ചാനലുകളിൽ ലഭ്യമാണ്. മികച്ച ഒരു ഫൈനൽ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.