ഇത് ചരിത്രം, ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോഡുമായി മെസ്സി

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി പോർച്ചുഗൽ ക്ലബ്ബായ ബെൻഫികയോട് സമനില വഴങ്ങുകയായിരുന്നു.1-1 എന്ന സ്കോറിനാണ് പിഎസ്ജി മത്സരം അവസാനിപ്പിച്ചത്.പിഎസ്ജിയുടെ ഗോൾ നേടിയ മെസ്സി മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.മത്സരത്തിന്റെ 22ആം മിനുട്ടിൽ നെയ്മറുടെ അസിസ്റ്റിൽ നിന്നും മനോഹരമായ ഗോൾ നേടിക്കൊണ്ട് പിഎസ്ജിക്ക് ലീഡ് നൽകിയത് ലയണൽ മെസ്സിയായിരുന്നു.

ഇന്നലത്തെ ഗോളോടു കൂടി മെസ്സി യുവേഫ ചാമ്പ്യൻസ് ലീഗിൽ പുതിയ ഒരു റെക്കോർഡ് കുറിച്ചിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ 40 വ്യത്യസ്ത എതിരാളികൾക്കെതിരെ ഗോൾ നേടുന്ന ആദ്യത്തെ താരം എന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.ബെൻഫിക്കയാണ് മെസ്സിയുടെ നാൽപ്പതാമത്തെ എതിരാളി.

ഇതുവരെ 40 എതിരാളികൾക്കെതിരെ ഗോൾ നേടിയ ഒരു താരവും ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇല്ല.എന്നാൽ നാല് ടീമുകൾക്കെതിരെ മാത്രമാണ് ഇതുവരെ നേരിട്ടതിൽ മെസ്സിക്ക് ഗോൾ നേടാൻ കഴിയാത്തത്.ഇന്റർ മിലാൻ,അത്ലറ്റിക്കോ മാഡ്രിഡ്,റുബിൻ കസാൻ,ഉഡിനീസി എന്നിവർക്കെതിരെ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയിട്ടില്ല. ബാക്കി എല്ലാ എതിരാളികളോടും മെസ്സി ഗോൾ നേടി എന്നറിയുമ്പോഴാണ് മെസ്സിയുടെ മികവ് നമുക്ക് മനസ്സിലാവുന്നത്.

മാത്രമല്ല ഈ സീസണിൽ എവേ മത്സരങ്ങളിൽ മെസ്സി പുറത്തെടുക്കുന്ന മാസ്മരിക പ്രകടനവും തുടരുകയാണ്.ആകെ 7 എവേ മത്സരങ്ങളാണ് ഈ സീസണിൽ മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 6 ഗോളുകളും 7 അസിസ്റ്റുകളും മെസ്സി നേടിക്കഴിഞ്ഞു. മൈതാനം ഏതായാലും മെസ്സി ഒരുപോലെ മികവ് പുലർത്തുന്നത് നമുക്ക് കാണാൻ കഴിയും.

അവസാനമായി ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള താരമാണ് മെസ്സി. താരത്തിന്റെ ഈ പ്രകടനം ഇപ്പോൾ പിഎസ്ജിക്കും അർജന്റീനക്കും വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്.

Rate this post
Lionel MessiPsg