പിഎസ്‌ജിയുമായുള്ള കരാർ ചർച്ചകളിൽ നിന്നും മെസി പിന്മാറാനുള്ള കാരണമിതാണ് |Lionel Messi
ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി അത് പുതുക്കുമെന്ന കാര്യത്തിൽ ഇതുവരെയും യാതൊരു ഉറപ്പുമില്ല. ഖത്തർ ലോകകപ്പിന് ശേഷം കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും നിലവിൽ അത് പ്രതിസന്ധിയിൽ നിൽക്കുകയാണ്. മെസിക്കും പിഎസ്‌ജിക്കും കരാർ പുതുക്കുന്ന കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതിനിടയിൽ ലയണൽ മെസിയും പിഎസ്‌ജിയും തമ്മിലുള്ള കരാർ ചർച്ചകൾ വിജയം കാണാതിരുന്നതിന്റെ പുതിയ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ ലയണൽ മെസി മികച്ച പ്രകടനം നടത്തി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഈ സംഭവം അർജന്റീന നായകൻറെ കരാർ സംബന്ധമായ ചർച്ചകളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പ് വിജയത്തിന് ശേഷം ലയണൽ മെസി തന്റെ പ്രതിഫലം വർധിപ്പിക്കണമെന്ന ആവശ്യം ക്ലബിനോട് ഉന്നയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പിഎസ്‌ജി അതിനു തയ്യാറാകാൻ സാധ്യതയില്ല. എംബാപ്പയുടെ കരാർ പുതുക്കിയതിനു ശേഷം ക്ലബിന്റെ വേതനബിൽ കൂടുതലാണെന്നതാണ് ഇതിനു കാരണം.
അതിനിടയിൽ കരാർ പുതുക്കാനുള്ള ചർച്ചകൾ പിഎസ്‌ജി നടത്തുന്നതിനിടെ പ്രതിഫലം കുറക്കാൻ മെസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു താരം തയ്യാറായില്ല. തന്റെ പ്രതിഫലം വർധിപ്പിക്കാൻ പിഎസ്‌ജി തയ്യാറാവില്ലെന്നതും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ക്ലബിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നതുമാണ് മെസിയെ പിന്തിരിപ്പിക്കുന്ന കാരണങ്ങൾ.
Verdade, PSG não quer mais o Messi, tão tentando renovar de bestas mesmoshttps://t.co/Ym2E1QTNer
— Wes (@weslucc) March 15, 2023
അതേസമയം തന്റെ ഭാവിയെക്കുറിച്ച് മെസി യാതൊരു തീരുമാനവും എടുത്തിട്ടില്ല. ഈ സീസൺ അവസാനിക്കുന്നത് വരെ കാത്തിരിക്കണമെന്നും യൂറോപ്പിൽ നിന്ന് തന്നെ തനിക്ക് ഓഫറുകൾ വരുമെന്നുമാണ് താരം പ്രതീക്ഷിക്കുന്നത്. അമേരിക്ക, സൗദി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മെസിക്ക് ഓഫറുകൾ ഉണ്ടെങ്കിലും നിലവിൽ മെസിയത് പരിഗണിക്കുന്നില്ല.