ലോകകപ്പിനൊരുങ്ങുന്ന അർജന്റീനക്ക് തിരിച്ചടി,മൂന്നു താരങ്ങൾക്ക് കൂടി പരിക്ക്,ലോകകപ്പിനു മുൻപ് തിരിച്ചെത്തുമെന്ന് പ്രതീക്ഷ.
ഖത്തർ വേൾഡ് കപ്പിന് ഇനി ഒരു മാസം പോലും അവശേഷിക്കുന്നില്ല. എല്ലാ ടീമുകളും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. എന്നാൽ എല്ലാവരെയും അലട്ടുന്നത് അവരുടെ സൂപ്പർതാരങ്ങൾക്ക് ഏൽക്കുന്ന പരിക്കുകളാണ്. നിരവധി താരങ്ങൾ ഇപ്പോൾ വേൾഡ് കപ്പിൽ നിന്നും പുറത്തായി കഴിഞ്ഞു.
അർജന്റീനയെ സംബന്ധിച്ചിടത്തോളം നേരത്തെ തന്നെ പരിക്ക് വലിയ ആശങ്ക പകരുന്ന ഒന്നാണ്. സൂപ്പർ താരങ്ങളായ എയ്ഞ്ചൽ ഡി മരിയ,പൗലോ ഡിബാല എന്നിവർക്ക് നേരത്തെ പരിക്കേറ്റിരുന്നു. ഇതിൽ ഡിബാലയുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ അവശേഷിക്കുന്നുണ്ട്.
ഇപ്പോഴിതാ അർജന്റീനയുടെ മറ്റ് മൂന്ന് സൂപ്പർ താരങ്ങൾക്ക് കൂടി പരിക്ക് പിടിപെട്ടിട്ടുണ്ട്. മിഡ്ഫീൽഡിലെ നിർണായക താരമായ ലിയാൻഡ്രോ പരേഡസിന് പരിക്കാണ്.ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തെ അലട്ടുന്നത്.12 ദിവസം താരം പുറത്തിരിക്കേണ്ടിവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഖത്തർ വേൾഡ് കപ്പിന് അദ്ദേഹം അർജന്റീനക്കൊപ്പം ഉണ്ടായേക്കും.
മുന്നേറ്റ നിരയിലെ മറ്റൊരു താരമായ നിക്കോളാസ് ഗോൺസാലസിനും പരിക്കിന്റെ വിഷയങ്ങളുണ്ട്.ഹാംസ്ട്രിങ് ഇഞ്ചുറി തന്നെയാണ് അദ്ദേഹത്തെയും അലട്ടുന്നത്.എന്നാൽ സാധാരണ രൂപത്തിലുള്ള ഒരു പരിക്ക് മാത്രമാണ്. വേൾഡ് കപ്പിന് മുന്നേ അദ്ദേഹത്തിന് അതിൽ നിന്ന് മുക്തനാവാൻ സമയം ധാരാളമുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മറ്റൊരു താരം സെന്റർ ബാക്ക് ആയ ക്രിസ്റ്റൻ റൊമേറോയാണ്. ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ താരം കളിച്ചിരുന്നില്ല.ചെറിയ ഒരു പരിക്കിന്റെ പ്രശ്നങ്ങൾ താരത്തിനുണ്ട്. അതുകൊണ്ടുതന്നെ ഒരു മുൻകരുതൽ എന്ന രൂപേണയാണ് താരം കളിക്കാതിരുന്നത്. ഏതായാലും നിലവിൽ ഈ താരങ്ങൾ എല്ലാം വേൾഡ് കപ്പിന് ലഭ്യമാകും എന്നാണ് അറിയാൻ സാധിക്കുന്നത്.