രണ്ട് ദിവസം ബാക്കി നിൽക്കെ എടികെ മോഹൻ ബഗാനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ ജയം നേടിയിരുന്നു. തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

അഡ്രിയാൻ ലൂണ , ഇവാന്‍ കലിയൂഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. കൊച്ചിയിലെ സ്റ്റേഡിയത്തിലെ അന്തരീക്ഷം പുതിയ വിദേശ താരങ്ങൾക്കും പുതിയ അനുഭവം ആയിരുന്നു.മത്സര ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ അതിനെക്കുറിച്ച് പറയുകയും ചെയ്തു. ഒക്ടോബർ 16 നു കോച്ചിയിൽ വെച്ച് മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.മോഹൻ ബഗാനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും ഇപ്പോൾത്തന്നെ വിട്ടു പോയിരിക്കുകയാണ്.

35,000 ടിക്കറ്റുകളാണ് മത്സരത്തിന് രണ്ട് ദിവസം ബാക്കി നിൽക്കെ വിറ്റുതീർന്നത്. ഈസ്റ്റ് ബംഗാളിനെതിരായ ഉദ്ഘാടന മത്സരത്തിൽ 34,948 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച നടക്കുന്ന മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സിനെ സപ്പോർട്ട് ചെയ്യാൻ കാണികൾ ഒഴുകിയെത്തും എന്ന കാര്യത്തിൽ സംശയമില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചാന്റ്സ് എതിരാളികൾക്ക് വലിയ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നുണ്ട്.

കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോൾ ആരാധകരെയാണ് പല പരിശീലകരും ഭയപ്പെടുന്നത്.അടുത്ത മത്സരത്തിലും ആധികാരികമായി വിജയിക്കാം എന്ന ശുഭ പ്രതീക്ഷയിലാണ് ഇവാനും കൂട്ടരും ഇറങ്ങുക.