പുതുതായി രണ്ട് റെക്കോർഡുകൾ ; മെസ്സി തന്റെ റെക്കോർഡുകൾ തിരുത്തി കുറിക്കുന്നു |Lionel Messi

മെസ്സിയിൽ നിന്നും സാധാരണപോലെ മറ്റൊരു തകർപ്പൻ പ്രകടനം കാണാനായ ഒരു ദിവസമാണ് കടന്നുപോയത്.പിഎസ്ജി ട്രോയസിനെ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തുമ്പോൾ മെസ്സി തന്നെയാണ് അതിൽ വലിയ പങ്കുവഹിച്ചിട്ടുള്ളത്.ഒരു ഗോളും ഒരു അസിസ്റ്റും മെസ്സി കരസ്ഥമാക്കി. സഹതാരമായ നെയ്മർ ജൂനിയറും ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

മത്സരത്തിൽ മെസ്സി നേടിയ ഗോളും അസിസ്റ്റും ഒന്നിനൊന്ന് മികച്ചതായിരുന്നു.ബോക്സിന് പുറത്ത് നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ലയണൽ മെസ്സി ഗോൾ കണ്ടെത്തിയത്. അതിലേറെ സുന്ദരമായിരുന്നു ലയണൽ മെസ്സിയുടെ അസിസ്റ്റ്. ഡിഫൻഡർമാർക്ക് ഇടയിലൂടെ ഒരു മനോഹരമായ ത്രൂ പാസ് മെസ്സി നെയ്മർക്ക് എത്തിക്കുകയായിരുന്നു.മെസ്സിയുടെ വിഷനാണ് നാം അവിടെ കയ്യടി നൽകേണ്ടത്.

ഈ ജയത്തോടുകൂടി ലയണൽ മെസ്സി തന്റെ കരിയറിലെ ഏറ്റവും വലിയ അപരാജിത കുതിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.32 മത്സരങ്ങളിൽ ഇപ്പോൾ മെസ്സി പരാജയം അറിഞ്ഞിട്ടില്ല.കഴിഞ്ഞ മാർച്ച് മാസം ഒമ്പതാം തീയതി തുടങ്ങിയ കുതിപ്പ് ഒക്ടോബർ 29 ആം തീയതി വരെ എത്തിനിൽക്കുന്നു.26 വിജയങ്ങൾ നേടിയപ്പോൾ 6 സമനിലകൾ വഴങ്ങി. 26 ഗോളുകളും 19 അസിസ്റ്റുകളും ആണ് ഈ കാലയളവിൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

ഈ സീസണിൽ മെസ്സി അത്യുജ്ജ്വല പ്രകടനമാണ് ഇപ്പോൾ പിഎസ്ജിക്കും അർജന്റീനക്കും വേണ്ടി നടത്തുന്നത്. 19 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. 16 ഗോളുകളും 13 അസിസ്റ്റുകളും മെസ്സി ഈ സീസണിൽ നേടിക്കഴിഞ്ഞു. അതായത് 19 മത്സരങ്ങളിൽ നിന്ന് 29 ഗോൾ കോൺട്രിബ്യൂഷൻസ്.

മാത്രമല്ല ഇപ്പോൾ മറ്റൊരു നേട്ടം കൂടി മെസ്സി കുറിച്ചിട്ടുണ്ട്. 10 അസിസ്റ്റുകൾ പൂർത്തിയാക്കാൻ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങൾ ആവശ്യമായി വന്ന താരമാണ് ലയണൽ മെസ്സി. മാത്രമല്ല ഈ കലണ്ടർ വർഷത്തിൽ മെസ്സിക്ക് ഇപ്പോൾ ലീഗിൽ 20 അസിസ്റ്റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ ഒരു കണക്കുകൾ തന്നെയാണിത്.

ഇതിന് പുറമേ ഒരു കലണ്ടർ വർഷം ആകെ 25 അസിസ്റ്റുകൾ ഇപ്പോൾ മെസ്സി പൂർത്തിയാക്കിയിട്ടുണ്ട്. ഒരു കലണ്ടർ വർഷത്തിൽ 2011 ലാണ് മെസ്സി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുള്ളത്. 36 അസിസ്റ്റുകൾ നേടാൻ മെസ്സിക്ക് ആ വർഷം സാധിച്ചിരുന്നു.ഏതായാലും ഈ കണക്കുകൾ ഒക്കെ തന്നെയും ലയണൽ മെസ്സിയുടെ മികവിനെയാണ് ഇപ്പോൾ തെളിയിച്ചു കാണിക്കുന്നത്.

Rate this post
Lionel Messi