വിദേശ താരങ്ങളെയും ഉൾപ്പെടുത്തി യു എ ഇ പര്യടനത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു |Kerala Blasters

പ്രീ സീസൺ മത്സരങ്ങൾക്കായി യു എ യിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിനെത്തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ പര്യടനത്തിൽ സംശയങ്ങളുണ്ടായിരുന്നു. വിലക്ക് മൂലം യു എ ഇ ക്ലബ്ബുകളുമായി നിശ്ചയിച്ചിരിക്കുന്ന സന്നാഹ മത്സരങ്ങൾ കളിക്കാൻ സാധിക്കുമോ എന്ന ആശങ്കയും ഇതിനിടെ ഉയർന്നിട്ടുണ്ട്.

ഫിഫ വിലക്ക് മറികടക്കാൻ യു എ ഇ ക്ലബ്ബുകൾക്ക് സാധിക്കില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, യു എ ഇ യിലെ ഫുട്ബോൾ സൗകര്യങ്ങൾ മുതലാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങും. 26 അം​ഗ സ്ക്വാഡിനാണ് യുഏഇയിൽ പര്യടനം നടത്തുന്നത്. അഞ്ച് വിദേശികൾ സ്ക്വാഡിലുണ്ട്. കൊച്ചിയിൽ പ്രീസീസണിൽ ഇല്ലാതിരുന്ന അഡ്രിയാൻ ലൂണയും പുതിയ വിദേശ താറ്റം അപോസ്തലോസും യു എ ഇയിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. മറ്റു മൂന്ന് വിദേശ താരങ്ങളും നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേർന്നിരുന്നു.പുതിയ ഇന്ത്യൻ സൈനിങ്ങുകളായ ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ, ബിദ്യാഷാ​ഗർ സിങ് എന്നിവരും സ്ക്വാഡിലുണ്ട്.

ഡ്യൂറണ്ട് കപ്പ് സ്ക്വാഡിൽ ഇല്ലാതിരുന്ന യുവതാരങ്ങളായ നിഹാൽ സുധീഷ്, ശ്രീകുട്ടൻ എം എസും ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ സ്ക്വാഡിൽ ഇടം നേടി.കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് യു എ ഇയിലേക്ക് യാത്ര തിരിക്കും. ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ അല്‍നാസ്ര്‍ എസ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസൺ സൗഹൃദ മത്സരം. ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടും.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് യുഎഇ ഒരു രണ്ടാം ഹോം പോലെയാണ്. കേരള ക്ലബിന് ധാരാളം ആരാധകരുണ്ട്.കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും തമ്മിലുള്ള 2021-2022 ഐഎസ്എൽ സീസണിലെ കലാശ പോരാട്ടം ദുബായ് എക്‌സ്‌പോ 2020യില്‍ പ്രദര്‍ശിപ്പിച്ചപ്പോൾ, പതിനായിരത്തിലധികം ആരാധകരാണ് തത്സമയ മത്സരം കാണാനെത്തിയത്. യുഎഇയിലെ തങ്ങളുടെ ആരാധകവൃന്ദവുമായി ഇടപഴകാനുള്ള അവസരമായും പ്രീസീസൺ മത്സരങ്ങളെ ക്ലബ് കാണുന്നു.

Rate this post