ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബയൺ മ്യുണിക്കിനെതിരെ ഓൾഡ് ട്രാഫർഡിൽ ഇറങ്ങുമ്പോൾ തീപാറുമെന്നുറപ്പ്. മാഞ്ചസ്റ്ററിന് ജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് മതിയാവില്ല അടുത്ത റൗണ്ടിലെത്താൻ.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ജയിച്ചാൽ മാത്രം പോരാ, കോപൻഹെഗൻ-ഗാലത്സറെ മത്സരം സമനിലയിൽ പിരിയുക കൂടി വേണം. എങ്കിൽ മാത്രമേ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് പതിനാറിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് കടക്കാൻ കഴിയുകയുള്ളൂ. ഗ്രൂപ്പ് എ യിൽ 5 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലു വിജയങ്ങളും ഒരു സമനിലയുമായി 13 പോയിന്റ്നേടി ജർമൻ വമ്പൻമാരായ ബയേൺ മ്യുണിക് റൗണ്ട് പതിനാറിൽ എത്തിയിട്ടുണ്ട്.കോപൻഹെഗൻ, ഗലത്സറെ ടീമുകൾക്ക് അഞ്ച് വീതം പോയിന്റുകളാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിനാവട്ടെ നാലു പോയിന്റുകൾ മാത്രമേയുള്ളൂ.
മാഞ്ചസ്റ്ററിനിത് നിലനിൽപ്പിന്റെ പോരാട്ടമാണ്, കഴിഞ്ഞ പ്രീമിയർലീഗ് മത്സരത്തിൽ ബൗണ്മൗത്തിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് തകർന്നടിഞ്ഞത്. അതിൽനിന്നും കരകയറാൻ ഇന്ന് ജയം അനിവാര്യമാണ്, ഗ്രൂപ്പിലെ മറ്റു മത്സരത്തിന്റെ ഫലം അനുസരിച്ചായിരിക്കും മുന്നിലേക്കുള്ള പ്രയാണം, ചാമ്പ്യൻസ് ലീഗ് റൗണ്ട് പതിനാറിലേക്ക് കടന്നില്ലെങ്കിൽ ചെകുത്താൻ മാർക്ക് ജയിച്ചാൽ യൂറോപ്പ ലീഗ് കളിക്കാൻ കഴിയും.
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനലിലേക്ക് വിദൂര സാധ്യതയെന്നിരിക്കെ യൂറോപ്പയിലിലേക്ക് യോഗ്യത കിട്ടിയാൽ പോലും എറിക് ടെൻ ഹാഗിന് അതു വലിയൊരു ആശ്വാസമായെക്കും.ബയേൺ മ്യൂണിക് ബുണ്ടസ്ലീഗയിൽ ഫ്രാങ്ക്ഫർട്ടിനെതിരെ അഞ്ചു ഗോളിന്റെ കനത്ത തോൽവി വഴങ്ങിയിരുന്നു, അതുകൊണ്ടുതന്നെ തുടർ തോൽവികൾ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കും എന്നതിനാൽ ചാമ്പ്യൻസ് ലീഗിൽ നിർണായക മത്സരമല്ലെങ്കിൽ പോലും പ്രധാന ടീമിനെ തന്നെയായിരിക്കും ഇന്ന് മാഞ്ചസ്റ്ററിനെതിരെ ടുശേൽ അണിനിരത്തുക. ഇന്ത്യൻ സമയം ഇന്ന് രാത്രി 1 30നാണ് പോരാട്ടം. സോണിയിൽ തൽസമയം കാണാം.