വിജയം നേടാനാവാതെ അൽ നസ്ർ, എതിർടീം സ്റ്റാഫിനെ പിടിച്ചു തള്ളി റൊണാൾഡോ |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ അൽ നസ്ർ വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സമനില വഴങ്ങിയതോടെ ഈ സീസണിൽ ഏതെങ്കിലും കിരീടം നേടാമെന്ന പ്രതീക്ഷ അൽ നസ്റിന് ഇല്ലാതായിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ കിടക്കുന്ന ക്ലബായ അൽ ഖലീജിനോടാണ് അൽ നസ്ർ സമനില വഴങ്ങിയത്.

സ്വന്തം മൈതാനത്ത് വിജയം മാത്രം ലക്ഷ്യമിട്ടാണ് അൽ നസ്ർ ഇറങ്ങിയതെങ്കിലും നാലാം മിനുട്ടിൽ തന്നെ അവരെ ഞെട്ടിച്ച് ഫാബിയോ മാർട്ടിൻസ് അൽ ഖലീജിനെ മുന്നിലെത്തിച്ചു. അതിനു ശേഷം പതിനേഴാം മിനുട്ടിൽ സ്‌പാനിഷ്‌ താരം അൽവാരോ ഗോൺസാലസ് സമനില ഗോൾ നേടി. പിന്നീട് തിരിച്ചു വരാനുള്ള ശ്രമങ്ങൾ റൊണാൾഡോയുടെ ക്ലബ് നടത്തിയെങ്കിലും അതിൽ വിജയിക്കാനായില്ല.

മത്സരത്തിന് ശേഷം തന്റെ രോഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രകടമാക്കുകയും ചെയ്‌തു. കളി അവസാനിച്ചതിനു ശേഷം അൽ ഖലീജിന്റെ ഒരു സ്റ്റാഫ് മെമ്പർ റൊണാൾഡോയുടെ അരികിലേക്ക് സെൽഫി എടുക്കാനായി എത്തിയിരുന്നു. എന്നാൽ അതിനോട് രോഷത്തോടെ പ്രതികരിച്ച താരം അവരെ തള്ളി മാറ്റുകയാണ് ചെയ്‌തത്‌. സ്റ്റാഫ് ഒന്നും മിണ്ടാതെ മാറിപ്പോവുകയും ചെയ്‌തു.

മികച്ച പ്രകടനമാണ് റൊണാൾഡോ മത്സരത്തിൽ നടത്തിയത്. ആറു ഷോട്ടുകൾ ഉതിർത്ത താരം അതിനു പുറമെ രണ്ടു കീ പാസുകൾ നൽകി ഒരു വലിയ അവസരവും സൃഷ്‌ടിക്കുകയുണ്ടായി. ഇതിനു പുറമെ പ്രതിരോധത്തിലും താരം നിർണായകമായ സംഭാവന നൽകിയിരുന്നു. അതുകൊണ്ടു തന്നെയാണ് മത്സരത്തിൽ വിജയം നേടാൻ കഴിയാതിരുന്നതിൽ താരം രോഷാകുലനായി മാറിയതും.

ഇനി നാല് മത്സരങ്ങൾ മാത്രമാണ് ലീഗിൽ അവശേഷിക്കുന്നത്. മത്സരത്തിൽ വിജയം നേടിയിരുന്നെങ്കിൽ ഒന്നാം സ്ഥാനത്തുള്ള അൽ നസ്‌റുമായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കി കുറക്കാൻ അൽ നസ്റിന് കഴിയുമായിരുന്നു. സമനില വഴങ്ങിയതോടെ ഇനി കിരീടം നേടണമെങ്കിൽ അൽ ഇത്തിഹാദ് രണ്ടു മത്സരങ്ങൾ തോൽക്കണമെന്ന സാഹചര്യമാണ്. നിലവിൽ അതിനുള്ള സാധ്യത കുറവാണ്.

5/5 - (1 vote)