‘𝐍𝐨𝐭 𝐟𝐨𝐫 𝐬𝐚𝐥𝐞’: ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ്ബിൽ നിലനിർത്താനുള്ള ആഗ്രഹവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അപ്രതീക്ഷിത തിരിച്ചു വരവ് നടത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനായി എല്ലാ മത്സരങ്ങളിലും 24 ഗോളുകൾ നേടി.എന്നിരുന്നാലും ഒരു ക്ലബ് എന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശാജനകമായ സീസൺ ആയിരുന്നു കടന്നു പോയത്.

മൂന്ന് സീസണുകളിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിന് പുറത്തായ അവർ പ്രീമിയർ ലീഗ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ഒരു ട്രോഫി പോലും ഇല്ലാതെ അവർ ഫിനിഷ് ചെയ്യുകയും യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ൽ നിന്ന് പുറത്താവുകയും ചെയ്തു.റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമോ ഇല്ലയോ എന്ന ചര്‍ച്ചയിലാണ് ഇംഗ്ലീഷ് ക്ലബിന്റെ ആരാധകർ. താരം പ്രീ സീസണിനായി ടീമിനൊപ്പം ചേരാതിരുന്നതോടെയാണ് പോര്‍ച്ചുഗീസ് താരം ക്ലബ് വിടുമെന്ന സംശയം ബലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം വ്യക്തമാക്കിയിരിക്കുകയാണ് യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗ്.37-കാരൻ വിൽപ്പനയ്‌ക്കില്ലെന്നും വരാനിരിക്കുന്ന സീസണിൽ CR7-നൊപ്പം പ്രവർത്തിക്കാനുള്ള തന്റെ ഉദ്ദേശ്യവും അദ്ദേഹം വെളിപ്പെടുത്തി.

“ഞങ്ങൾ ഈ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ആസൂത്രണം ചെയ്യുകയാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. പോകണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.അദ്ദേഹം ക്ലബ് വിടാന്‍ ശ്രമിക്കുന്നുവെന്നത് ഞാന്‍ വായിച്ചാണ് അറിഞ്ഞത്. പക്ഷേ ഞാൻ പറയുന്നത് ക്രിസ്റ്റ്യാനോ വിൽപ്പനയ്ക്കുള്ളതല്ല, അവൻ ഞങ്ങളുടെ പദ്ധതികളിലുണ്ട്. ഞങ്ങൾ ഒരുമിച്ച് വിജയം നേടാൻ ആഗ്രഹിക്കുന്നു” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തായ്‌ലൻഡിലെ പ്രീ-സീസൺ ടൂറിലെ തന്റെ ആദ്യ പത്രസമ്മേളനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ പറഞ്ഞു.

റൊണാൾഡോയ്ക്ക് വ്യക്തിപരമായ ചില പ്രശ്‌നങ്ങൾ ഉള്ളതിനാൽ പ്രീ-സീസൺ ടൂറിൽ തങ്ങൾക്കൊപ്പമില്ലെന്നും ടെൻ ഹാഗ് പറഞ്ഞു. ഈ വിഷയം വരുന്നതിന് മുമ്പ് താൻ സ്‌ട്രൈക്കറുമായി നല്ല സംഭാഷണം നടത്തിയെന്നും അത് വളരെ പോസിറ്റീവ് ചർച്ചയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നതിന് ശേഷം ഇരുവരും സംസാരിച്ചിട്ടില്ല.