സോൾഷയറിൽ താരങ്ങൾക്കും വിശ്വാസം നഷ്ടപ്പെടുന്നു, യുണൈറ്റഡിൽ കാര്യങ്ങൾ സങ്കീർണമാകുന്നു

ടോട്ടനം ഹോസ്പറിനെതിരായ പ്രീമിയർ ലീഗിലെ കനത്ത തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിൽ സങ്കീർണതകൾ സൃഷ്ടിക്കുന്നു. പരിശീലകനായ സോൾഷയർ മത്സരത്തിൽ പുറത്തെടുത്ത തന്ത്രങ്ങളെ താരങ്ങൾ വിമർശന വിധേയമാക്കിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ സീസണിലാണ് ടീമിലെത്തിയതെങ്കിലും തന്റെ നേതൃഗുണം കൊണ്ട് ഏവരുടെയും ശ്രദ്ധയാകർഷിച്ച ബ്രൂണോ ഫെർണാണ്ടസാണ് തോൽവിക്കു ശേഷം ടീമിനും പരിശീലകനുമെതിരെ വിമർശനം നടത്തുന്നതിൽ മുൻ നിരയിലുണ്ടായിരുന്നത്.

ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം യുണൈറ്റഡിന്റെ മാച്ച് ഒഫിഷ്യലായിരുന്ന ഒരാൾ പറഞ്ഞത് ഇങ്ങിനെയാണ്. “ബ്രൂണോ ഫെർണാണ്ടസിനെ കേൾക്കുക മാത്രമായിരുന്നു നിങ്ങൾക്കുള്ള ഒരേയൊരു വഴി. അദ്ദേഹം ടീമിലെ എല്ലാവരെയും കുറ്റപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് കാലങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത പേര് ഉയർത്തിപ്പിടിക്കാൻ പരാജയപ്പെട്ട എല്ലാ താരങ്ങൾക്കുമെതിരെ പൊട്ടിത്തെറിച്ചു.”

“മാനേജർക്കുമെതിരെ താരം വിമർശനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ തന്ത്രങ്ങളെയാണ് പ്രധാനമായും ഫെർണാണ്ടസ് വിമർശിച്ചത്. മറ്റു താരങ്ങളും അവരുടെ അമർഷം വെളിപ്പെടുത്തിയെങ്കിലും ബ്രൂണോ ഫെർണാണ്ടസിന്റെ ശബ്ദമായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്.” അദ്ദേഹം വ്യക്തമാക്കി.

ബ്രൂണോ ഫെർണാണ്ടസിന്റെ അമർഷം താരത്തെ ഹാഫ് ടൈമിൽ പിൻവലിച്ചതിന്റെ കൂടിയാണെന്ന് ദി അത്ലറ്റിക് റിപ്പോർട്ടു ചെയ്തിരുന്നു. സ്പർസ് ആക്രമണങ്ങളെ തടയാൻ ബ്രസീലിയൻ താരം ഫ്രഡിനെ കളത്തിലിറക്കിയത് ടീമിന്റെ തന്ത്രങ്ങളുടെ ഭാഗമായാണെന്നാണ് സോൾഷയർ പറഞ്ഞത്. എന്നാൽ അതിനു ശേഷവും യുണൈറ്റഡ് രണ്ടു ഗോളുകൾ വഴങ്ങുകയാണുണ്ടായത്.

Rate this post