“പെനാൽറ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ , എഫ്എ കപ്പിൽ നിന്നും യുണൈറ്റഡ് പുറത്ത്”

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പിൽ പുറത്തായി.ഓൾഡ് ട്രാഫോർഡിൽ നടന്ന എഫ്‌എ കപ്പ് നാലാം റൗണ്ടിൽ മിഡിൽസ്‌ബ്രോയാണ് യുണൈറ്റഡിനെ ഞെട്ടിച്ചു കളഞ്ഞത്. നിശ്ചിത സമയത്തിനും എക്സ്ട്രാ ടൈമിന് ശേഷവും 1 -1 ആയതോടെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 8-7ന് എന്ന സ്കോറിനാണ് മിഡിൽസ്‌ബ്രോ വിജയിച്ചത്.യുവതാരം ആന്റണി എലാംഗ പെനാൽറ്റി കിക്ക് പാഴാക്കിയതാണ് നാലാം റൗണ്ടിൽ റെഡ് ഡെവിൾസിന്റെ പരാജയത്തിന് വഴിവെച്ചത്.

25 ആം മിനിറ്റിൽ ജേഡൻ സാഞ്ചോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. എന്നാൽ, രണ്ടാം പകുതിയിൽ ക്രൂക്സ് മിഡിൽസ്‌ബ്രൊയെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയുടെ തുടക്കത്തിൽ യുണൈറ്റഡിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ പുറത്തേക്ക് അടിച്ചു കളഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിൽ റൊണാൾഡോ നഷ്ടപ്പെടുത്തുന്ന നാലാമത്തെ മാത്രം പെനാൽറ്റിയായിരുന്നു ഇത്.

കളിയിൽ ഉടനീളം റെഡ് ഡെവിൾസിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും വലയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഷൂട്ടൗട്ടിന്റെ പാഡി മക്‌നായർ, മാർട്ടിൻ പയേറോ, ജോണി ഹൗസൺ, മാർക്കസ് ടാവർനിയർ, സോൾ ബാംബ എന്നിവർ മിഡിൽസ്‌ബ്രോയ്‌ക്കായി സ്‌കോർ ചെയ്‌തപ്പോൾ യുണൈറ്റഡിന് വേണ്ടി ജുവാൻ മാറ്റ, ഹാരി മഗ്വേർ, ഫ്രെഡ്, റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ മികച്ച സ്‌കോർ ചെയ്തു.

സഡൻ ഡെത്തിൽ ബോറോക്കായി വാട്ട്‌മോർ, ഡെയ്ൽ ഫ്രൈ, ലീ പെൽറ്റിയർ എന്നിവർ ഗോളുകൾ നേടിയപ്പോൾ യുണൈറ്റഡിനായി കോട്ട് മക്‌ടോമിനെയും ഡിയോഗോ ഡലോട്ടും സ്‌കോർ ചെയ്‌തപ്പോൾ, യുവതാരം ആന്റണി എലങ്കയുടെ ഷോട്ട് ബാറിന് മുകളിലൂടെ പോയി.