” വുകോമനോവിച്ചിന്റെ തന്ത്രങ്ങളിൽ ഉയിർത്തെഴുന്നേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് “

സ്വപ്ന തുല്യമായ ഒരു കുതിപ്പായിരുന്നു ബ്ലാസ്റ്റേഴ്‌സ് സീസണിൽ നടത്തിയത്.കഴിഞ്ഞ സീസണുളിൽ സംഭവിച്ച തെറ്റുകളും കുറ്റങ്ങളും എല്ലാം കാറ്റിൽ പറത്തികൊണ്ട് ബ്ലാസ്റ്റേഴ്‌സ് ആരാധക പ്രതീക്ഷകൾ നടത്തിയ കുതിപ്പ് അത്ര മികച്ചതായിരുന്നു. ചരിത്രത്തിൽ ആദ്യമായി പോയിന്റ് പട്ടികയിൽ ഒന്നമാതെത്തി സീസണിൽ ബ്ലാസ്റ്റേഴ്സ് മേധാവിത്വം സൃഷ്ടിച്ചപ്പോഴാണ് വില്ലനായി കോവിഡ് എത്തുന്നത്. കോച്ചും സ്റ്റാഫും ഉൾപ്പെടെ 20ൽ അധികം താരങ്ങൾക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. മികച്ച സീസണിന്റെ ഇടയിൽ കോവിഡ് നൽകിയ അപ്രതീക്ഷിത പണി ടീമിനെ നല്ല രീതിയിൽ ബാധിച്ചു. എന്നാൽ വിട്ടു കൊടുക്കാൻ തയ്യാറാവാത്ത ഇവാനും പിള്ളേരും പ്ലെ ഓഫ്‌ പ്രതീക്ഷകൾ ഇല്ലാതാവുമോ എന്ന് സംശയിച്ചവർക്ക് മുന്നിലൂടെ തുടർച്ചയായ രണ്ടു വിജയവുമായി ആദ്യ നാലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

എല്ലാ തരത്തിലും പൂർണ ആധിപത്യമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലത്തെ മത്സരത്തിൽ പുറത്തെടുത്തത്.സ്വന്തം ബോക്സ് മുതൽ എതിരാളികളുടെ ഗോൾമുഖം വരെ ഒരേ ആർജവത്തോടെ നിയന്ത്രിച്ച് സർവാധിപത്യം നേടി ബ്ലാസ്റ്റേഴ്സ് നടത്തിയ ഹൈ പ്രസിംഗ് ഫുട്ബോൾ കണ്ട കമ്മെന്ററി ബോക്സ് ഇങ്ങനെ പറഞ്ഞു ” ഹാപ്പി ഫുട്ബോൾ ” . ശരിയാണ് ഒരു ടീമിലെ മുഴുവൻ താരങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം പിന്തുണയ്ക്കുന്നതും മനസിലാക്കുന്നതുമായ കാഴ്ച്ച .“തിരക്ക് കൂട്ടേണ്ട എല്ലാവർക്കും ബോൾ തരാം ” എന്ന് പറഞ്ഞ് ലോകോത്തര മധ്യനിര താരവും ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണ , എതിർ പ്രതിരോധനിരക്ക് നിരന്തം തലവേദനയായ വാസ്ക്വസ് – ഡയസ് സഖ്യം, സഹൽ സൃഷ്ട്ടിക്കുന്ന പ്രഷർ, എതിർ ടീം മുന്നേറ്റങ്ങളെ മധ്യഭാഗത്ത് കീറി മുറിക്കുന്ന ആയുഷ് -പുട്ടിയ സഖ്യം, ഞങ്ങളെ വെട്ടിച്ച് ഒന്ന് ഗോൾ അടിച്ചെ എന്ന് പറഞ്ഞ് നിൽക്കുന്ന പ്രതിരോധ നിരയും , ഇതാണ് ഈ വർഷത്തെ ബ്ലാസ്റ്റേഴ്സ് .

ഇവരെല്ലാം ചേരുമ്പോൾ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ഒരു മനോഹര വിരുന്ന് ആകുന്നു. പകരം വന്ന താരങ്ങൾ എല്ലാം തിളങ്ങുമ്പോൾ ഒരു കാര്യം വ്യക്തം. സീസൺ തുടക്കത്തിൽ നടത്തിയ ഹോം വർക്ക് ഫലം കണ്ടു തുടങ്ങി.ഒരു താരത്തിൽ മാത്രം ആശ്രയിക്കുന്ന ശൈലിയല്ല കോച്ച് ഇവാന്റെത്. അതുകൊണ്ട് തന്നെ തന്റെ ഫോർമേഷനിൽ കോർത്തിണക്കാൻ സാധിക്കുന്ന താരങ്ങളെ നേരത്തെ കണ്ടെത്തുകയും അവരുടെ കഴിവുകളയും – കുറവുകളെയും വിലയിരുത്താനും സാധിച്ചു. മുൻനിരയും മധ്യനിരയും പ്രതിരോധവുമെല്ലാം ഒരുപോലെ മികച്ച് നിന്നാൽ വിജയം അനായാസമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

2016-ന് ശേഷം ബ്ലാസ്റ്റേഴ്‌സ് സെമിയിൽ എത്തിയാൽ ബ്ലാസ്റ്റേഴ്സിന് പിടിതരാതെ നിൽക്കുന്ന ഐ എസ് എൽ കിരീടം ഈ സീസണിൽ സ്വന്തമാക്കാൻ കഴിയുമെന്ന വിശ്വാസം ആരാധകർക്കിടയിലുണ്ട്. ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുന്നത് കാണാനാണ് ആരാധകർ ആഗ്രഹിക്കുന്നതെങ്കിലും അത് നഷ്ടപ്പെട്ടാലും അവർക്ക് സങ്കടമുണ്ടാകില്ല. കാരണം വർഷങ്ങളായി നിരാശ നൽകുന്ന പ്രകടനങ്ങൾ മാത്രം കണ്ടുകൊണ്ടിരുന്ന അവർക്ക് മുന്നിലേക്ക് മനം നിറയ്ക്കുന്ന ഫുട്ബോൾ പ്രകടനങ്ങളാണ് ബ്ലാസ്റ്റേഴ്സും വുകോമനോവിച്ചും ഒരുക്കി നൽകിയത്.

2014, 2016 സീസണുകളിൽ ഫൈനലിൽ എത്തിയതിന് ശേഷമുള്ള സീസണുകളിൽ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നത്. ഓരോ സീസണിലും ടീമിൽ പ്രതീക്ഷിയർപ്പിച്ച് എത്തുന്ന ആരാധകർക്ക് സീസൺ അവസാനം നിരാശ നൽകുന്ന പ്രകടനങ്ങൾ മാത്രമായിരുന്നു ഓർത്തിരിക്കാൻ ഉണ്ടായിരുന്നത്.എന്നാൽ മികവുറ്റ താരങ്ങളെ ടീമിലേക്ക് എത്തിച്ച് ടീമിലെ വിദേശികളെയും ഇന്ത്യൻ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ എന്ന ഒരു കുടക്കീഴിലേക്ക് ഒരുമിച്ച് ചേർത്തി നിർത്തി വുകോമനോവിച്ച് തന്റെ തന്ത്രങ്ങൾ ഓരോന്നായി ആവിഷ്കരിച്ച് എടുക്കുകയായിരുന്നു. ഫലം, സീസണിൽ ഓരോ മത്സരം കഴിയുംതോറും ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ട് വന്നു.

ഗ്രീക്ക് പുരാണത്തിൽ കോൾഷിസ് ദ്വീപിലേക്ക് സ്വർണ പരവതാനി തേടി പോകുന്ന ജേസന്റെ കഥ വിവരിക്കുന്നുണ്ട്. സാഹസിക യാത്രയിൽ അയാളെ സഹായിക്കാൻ വിവിധ ദേശങ്ങളിൽ നിന്നും ആർഗാനോട്ടുകൾ എന്ന യോദ്ധാക്കൾ എത്തുകയും അവർ ചേർന്ന് ഒരു കപ്പൽ നിർമിച്ചു യാത്ര പുറപ്പെടുകയും ചെയുന്നു. അതെ, ഐ.എസ് എൽ കപ്പ് എന്ന നിധി തേടി ഇവാൻ വുക്കനോവിച്ചും സംഘവും നടത്തുന്ന യാത്ര ശരിയായ ദിശയിലാണ് , ഇനിയും മുന്നോട്ടുള്ള യാത്ര ഒരിക്കലും എളുപ്പമാകില്ല . ആടാതെ , ഉലയാതെ സംഘത്തെ ലക്ഷ്യം കാണിക്കാൻ ഇവാന് കഴിയട്ടെ …