താൻ മാത്രമാണ് വിമർശിച്ചതെന്ന വാൻ ഗാലിന്റെ പ്രസ്താവന, മറുപടി നൽകി  ഡി മരിയ

2014 ലായിരുന്നു അർജന്റീന സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. എന്നാൽ കാര്യങ്ങൾ നല്ല രീതിയിലല്ല മുന്നോട്ടുപോയത്. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന വാൻ ഗാൽ താരത്തെ ഉപയോഗപ്പെടുത്താൻ മടിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത വർഷം തന്നെ ഡി മരിയ യുണൈറ്റഡ് വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് പോവുകയും ചെയ്തു.

ലൂയി വാൻ ഗാലിന്റെ തന്നോടുള്ള മോശമായ സമീപനത്തിനെതിരെ ഡി മരിയ പരസ്യമായി തന്നെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മാത്രമല്ല അർജന്റീനയും നെതർലാന്റ്സും തമ്മിൽ വേൾഡ് കപ്പിൽ മുഖാമുഖം വന്നപ്പോൾ ഡി മരിയയുടെ പ്രശ്നവും ഒരിക്കൽ കൂടി ചർച്ച ചെയ്യപ്പെട്ടിരുന്നു.കൂടാതെ വാൻ ഗാലിനെതിരെ മെസ്സി നടത്തിയ സെലിബ്രേഷനൊക്കെ ചർച്ചയായ കൂട്ടത്തിൽ ഡി മരിയ- വാൻ ഗാൽ പ്രശ്നവും വാൻ ഗാൽ – റിക്വൽമി പ്രശ്നവും ചർച്ച ചെയ്യപ്പെട്ടിരുന്നു.മാത്രമല്ല ഡി മരിയക്കെതിരെ ഒരു പ്രസ്താവന ഈയിടെ വാൻ ഗാൽ നടത്തുകയും ചെയ്തിരുന്നു.

തന്നെ വിമർശിച്ച ഒരേയൊരാൾ ഡി മരിയ മാത്രമാണെന്നും മറ്റാരും തന്നെ തന്നോട് എതിർപ്പ് പ്രകടിപ്പിക്കാറില്ല എന്നുമായിരുന്നു വാൻ ഗാൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിനെതിരെ ഡി മരിയ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് ഒരുപാട് പേർ വാൻ ഗാലിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അതിനുള്ള ഉദാഹരണമാണ് റിബറിയെന്നുമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ വാൻ പറഞ്ഞത് ഞാൻ മാത്രമാണ് അദ്ദേഹത്തെ വിമർശിക്കുന്നത് എന്നാണ്.പക്ഷേ അങ്ങനെയല്ല. ഒരുപാട് പേർ അദ്ദേഹത്തെ വിമർശിക്കുന്നുണ്ട്. അദ്ദേഹം ബയേണിൽ ആയിരുന്ന സമയത്ത് റിബറി എപ്പോഴും ബെഞ്ചിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം ക്ലബ്ബ് വിട്ടതിനുശേഷം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ റിബറിക്ക് കഴിഞ്ഞു ” ഡി മരിയ പറഞ്ഞു.

പലപ്പോഴും വാൻ ഗാൽ ഡി മരിയക്ക് കളിക്കാനുള്ള അവസരങ്ങൾ നൽകിയിരുന്നില്ല. ഇതുകൊണ്ടായിരുന്നു പ്രശ്നങ്ങൾ ഉടലെടുത്തത്. വേൾഡ് കപ്പിൽ പുറത്തായതോടുകൂടി വാൻ ഗാൽ നെതർലാൻഡ്സ്‌ ടീം വിടുകയും ചെയ്തിരുന്നു.

Rate this post