സ്വന്തം ക്ലബ്ബിൽ നിന്നും പരിഹാസം, സൂപ്പർതാരം പ്രീമിയർ ലീഗിലേക്ക്

സ്വന്തം ക്ലബ്ബിൽ നിന്നും പരിഹാസമേറ്റതിനെ തുടർന്ന് ക്ലബ്‌ വിടാൻ ഒരുങ്ങുന്ന നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഒസിമാൻ പ്രിമിയർ ലീഗിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ക്ലബ്‌ വിടാൻ ഒരുങ്ങുന്ന താരത്തെ റാഞ്ചാൻ റയൽ മാഡ്രിഡും സൗദി പ്രൊ ലീഗ് ക്ലബ്ബുകളും ലക്ഷ്യം വെച്ചെങ്കിലും താരം പ്രിമിയർ ലീഗിലേക്ക് പോകാനാണ് താല്പര്യം കാണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏത് ക്ലബ്ബിലേക്കാണ് താരം പോകുന്നത് എന്ന് വ്യക്തമല്ലെങ്കിലും താരത്തിന്റെ ലക്ഷ്യം പ്രിമിയർ ലീഗ് തന്നെയാണ്.

ഇറ്റലിയൻ ക്ലബ്‌ നപോളിയെ നീണ്ട നാളുകൾക്ക് ശേഷം സീരി എ കിരീടം നേടാൻ ഏറെ പങ്ക് വഹിച്ച താരമാണ് വിക്ടർ ഒസിമാൻ. എന്നാൽ സീരി എയിൽ ബോലോഗ്നയ്ക്കെതിരായ മത്സരത്തിൽ താരം ഒരു പെനാൽറ്റി നഷ്ടമാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തെ പരിഹസിച്ച് നപോളി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഒരു വീഡിയോ പങ്ക് വെച്ചിരുന്നു. ഇത് താരത്തെ ചൊടിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ പിന്നീട് നപോളി പിൻവലിച്ചെങ്കിലും താരത്തിന്റെ കലിയടങ്ങിയില്ല.

ക്ലബ്ബിനെതിരെ നിയമനടപടി സ്വീകരിക്കാൻ താരം ഒരുങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താരം ക്ലബ്‌ വിടാൻ ഒരുങ്ങുന്നത്.ഡിസംബറിൽ പുതിയ തട്ടകം തേടുന്ന താരത്തിനായി റയൽ മാഡ്രിഡ്‌ അടക്കമുള്ള വമ്പൻ ക്ലബ്ബുകൾ രംഗത്ത് വന്നെങ്കിലും താരം പ്രിമിയർ ലീഗിലേക്ക് പോകുമെന്നാണ് കരുതപ്പെടുന്നത്. പ്രിമീയർ ലീഗ് ക്ലബ്‌ ചെൽസി താരത്തിനായി രംഗത്തുണ്ട്.

24 കാരനായ വിക്ടർ ഒസിമാൻ 2020 മുതൽ നപോളിയുടെ ഭാഗമാണ്. ഫ്രഞ്ച് ക്ലബ്‌ ലില്ലെയിൽ നിന്നാണ് താരം ഇറ്റാലിയൻ ക്ലബ്ബിൽ എത്തിയത്.

Rate this post