ഇരുപത്തിരണ്ടാം വയസിൽ എല്ലാ കിരീടങ്ങളും തൂത്തുവാരി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സഖ്യം

സീസണിൽ മറ്റൊരു കിരീടം കൂടി റയൽ മാഡ്രിഡ് സ്വന്തമാക്കിയപ്പോൾ ക്ലബിനായി മികച്ച പ്രകടനം നടത്തിയത് ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഒസാസുനക്കെതിരെ റയൽ മാഡ്രിഡ് വിജയം നേടിയപ്പോൾ അതിൽ പിറന്ന ഗോളുകളുടെ പിന്നിൽ പ്രവർത്തിച്ചത് ഈ താരങ്ങളായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയത്.

മത്സരത്തിൽ രണ്ടാം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് മുന്നിലെത്തി. വിനീഷ്യസ് ജൂനിയർ നടത്തിയ മനോഹരമായ മുന്നേറ്റത്തിന് ശേഷം നൽകിയ അസിസ്റ്റിൽ റോഡ്രിഗോയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഒസാസുന തിരിച്ചടിച്ചെങ്കിലും എഴുപതാം മിനുട്ടിൽ റോഡ്രിഗോയുടെ തന്നെ ഗോളിലൂടെ റയൽ മാഡ്രിഡ് വിജയമുറപ്പിച്ചു. വിനീഷ്യസ് ജൂനിയർ തന്നെ നടത്തിയ ഒരു മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.

കിരീടം സ്വന്തമാക്കിയതോടെ റയൽ മാഡ്രിഡിനായി ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ ബ്രസീലിയൻ താരങ്ങൾക്കായി. കോപ്പ ഡെൽ റേ മാത്രമാണ് അതിൽ ബാക്കിയുണ്ടായിരുന്നത്. കോപ്പ ഡെൽ റേക്കു പുറമെ രണ്ടു ലീഗ്, ഒരു ചാമ്പ്യൻസ് ലീഗ്, രണ്ടു സ്‌പാനിഷ്‌ സൂപ്പർകപ്പ്, ഒരു യുവേഫ സൂപ്പർകപ്പ്, ഒരു ക്ലബ് ലോകകപ്പ് എന്നിവയാണ് ഈ താരങ്ങൾ നേടിയിട്ടുള്ളത്.

ഈ രണ്ടു താരങ്ങൾ മാത്രമല്ല, റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് മധ്യനിര താരമായ എഡ്വാർഡോ കാമവിങ്ങയും ക്ലബ് തലത്തിൽ എല്ലാ കിരീടങ്ങളും ഇപ്പോൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇരുപതാം വയസിലാണ് താരം ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഈ പ്രായത്തിൽ തന്നെ വളരെ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ റയൽ മാഡ്രിഡിന്റെ ഭാവി ഭദ്രമാക്കുന്നു.

ഈ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് വീണെങ്കിലും ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് കിരീടപ്രതീക്ഷയുണ്ട്. കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ തിരിച്ചടി നേരിട്ട റയൽ മാഡ്രിഡിനെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ വേണ്ടി പോകുമ്പോൾ ആത്മവിശ്വാസം നൽകുന്നതാണ് കോപ്പ ഡെൽ റേ കിരീടവിജയം.