ഹാരി കേനിനു ബാക്കപ്പായി വിനീഷ്യസ് ടോട്ടനം ഹോസ്പറിലേക്ക്

ഹാരി കേനിനു ബാക്കപ്പായി പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയുടെ സ്ട്രൈക്കറായ കാർലോസ് വിനീഷ്യസിനെ ടീമിലെത്തിക്കാൻ ടോട്ടനം ഹോസ്പർ ഒരുങ്ങുന്നു. മൂന്നു മില്യൺ യൂറോക്ക് ഒരു വർഷത്തെ ലോൺ കരാറിൽ ടീമിലെത്തുന്ന താരത്തെ പിന്നീട് 36 മില്യണ് സ്വന്തമാക്കാനുള്ള ഉടമ്പടിയും ടോട്ടനം നൽകുന്നുണ്ട്‌. ഇരുപത്തിയഞ്ചുകാരനായ താരത്തിന്റെ മെഡിക്കൽ ഇന്നു പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.

കുറച്ചു നാളുകളായി കേനിനു ബാക്കപ്പ് സ്ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു മൊറീന്യോ. നാപോളി താരം മിലിക്ക്, സതാംപ്ടണിന്റെ ഇങ്ങ്സ്, ആസ്റ്റൺ വില്ലയുടെ വാട്കിൻസ് എന്നിവർക്കെല്ലാം വേണ്ടി ശ്രമം നടത്തിയതിനു ശേഷമാണ് ടോട്ടനം വിനീഷ്യസിൽ എത്തിയത്.

ഇന്നലെ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ട യോഗ്യതക്കു വേണ്ടി നടന്ന മത്സരത്തിൽ മക്കാബി ഹൈഫയെ രണ്ടിനെതിരെ ഏഴു ഗോളുകൾക്കു തകർത്തതിനു ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി പറഞ്ഞില്ലെങ്കിലും താരത്തിന്റെ ട്രാൻസ്ഫർ ഇന്നു പൂർത്തിയാകുമെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നത്.

കഴിഞ്ഞ സീസണിൽ ബെൻഫിക്കക്കായി ഇരുപത്തിയഞ്ചു ഗോളുകൾ നേടിയ വിനീഷ്യസ് പകരക്കാരനായും ആഭ്യന്തര കപ്പ് മത്സരങ്ങളിലുമാകും ഇറങ്ങുക.