മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകരിലൊരാളാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന പോർച്ചുഗീസ് ഇതിഹാസത്തോടുള്ള തന്റെ ഇഷ്ടം പല അവസരങ്ങളിലും കോഹ്ലി പ്രകടിപ്പിച്ചിട്ടുമുണ്ട്. എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ റൊണാൾഡോ തന്റെ ഗോൾ സ്കോറിംഗ് കഴിവുകൾക്കും പ്രവർത്തന നൈതികതയ്ക്കും പേരുകേട്ട താരമാണ്, അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതത്തിൽ അദ്ദേഹം നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള തന്റെ ആരാധന വിരാട് കോഹ്ലി മുമ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അടുത്തിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, മുൻ ഇന്ത്യൻ നായകനോട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കായികതാരം ആരെന്ന് ചോദിച്ചപ്പോൾ, നിസ്സംശയം ‘ക്രിസ്റ്റ്യാനോ റൊണാൾഡോ’ എന്ന് കോഹ്ലി പെട്ടെന്ന് മറുപടി നൽകി.
Virat Kohli names Cristiano Ronaldo as his favourite athlete and is in awe of the superstar's mental strength. 💪🐐 pic.twitter.com/6IbKtrAJkh
— CristianoXtra (@CristianoXtra_) April 4, 2022
അങ്ങനെയെങ്കിൽ ഒരു ദിവസം താങ്കൾ ക്രിസ്റ്റ്യാനോ റൊണാൾഡോയായി ഉണർന്നാൽ ആദ്യം എന്തുചെയ്യുമെന്ന് വിരാട് കോഹ്ലിയോട് ചോദിച്ചപ്പോൾ, “ഞാൻ എന്റെ [റൊണാൾഡോ ആണെങ്കിൽ] തലച്ചോറ് സ്കാൻ ചെയ്ത് ആ മാനസിക ശക്തി എവിടെ നിന്ന് വരുന്നു എന്ന് നോക്കും,” കോഹ്ലി ചിരിച്ചുകൊണ്ട് മറുപടി നൽകി. വീഡിയോയുടെ മറ്റൊരു സെഗ്മെന്റിൽ, തന്റെ ഹൃദയം തകർത്ത ഒരു ഗെയിമിനെക്കുറിച്ച് ചോദിച്ചപ്പോൾ, വിരാട് താൻ പങ്കെടുത്ത രണ്ട് ഗെയിമുകളെക്കുറിച്ച് പരാമർശിച്ചു.
അവ രണ്ടും നടന്നത് 2016-ലാണ്. കോഹ്ലി സൂചിപ്പിച്ച ആദ്യ ഗെയിം 2016 ഐപിഎൽ ഫൈനൽ ആയിരുന്നു. ബംഗളൂരുവിൽ നടന്ന ഫൈനൽ മത്സരത്തിൽ ആർസിബിക്ക് 209 റൺസ് പിന്തുടരുന്നതിൽ മികച്ച തുടക്കം ലഭിച്ചിട്ടും, ആർസിബി 8 റൺസിന് പരാജയപ്പെടുകയായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഐസിസി പുരുഷ ടി20 ലോകകപ്പ് സെമിഫൈനലാണ് വിരാട് ഓർമ്മിപ്പിച്ച മറ്റൊരു കളി. ആ മത്സരത്തിൽ വിരാട് 47 പന്തിൽ പുറത്താകാതെ 89 റൺസ് നേടിയിരുന്നെങ്കിലും, മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.