❝ക്രിസ്റ്റ്യാനോ റൊണാൾഡോ ‘അസൂയക്കാരൻ’ എന്ന് വിളിച്ചതിന് മറുപടിയുമായി വെയ്ൻ റൂണി❞ |Rooney / Ronaldo

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ തുടരുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള വാഗ്വാദം കൂടുതൽ ശക്തമായിരിക്കുകയാണ്.ഈ ആഴ്ച ആദ്യം സ്കൈ സ്‌പോർട്‌സിൽ റൊണാൾഡോ ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങിയതിനെക്കുറിച്ചുള്ള റൂണിയുടെ വിമർശനങ്ങളെത്തുടർന്ന് തന്റെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ അസൂയക്കാരാണെന്നു കമന്റ് ചെയ്തിരുന്നു.

ഇപ്പോൾ റൊണാൾഡോയുടെ കമന്റിനെക്കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് റൂണി.“ക്രിസ്റ്റ്യാനോയോട് അസൂയപ്പെടാത്ത ഒരു ഫുട്ബോൾ കളിക്കാരൻ ഈ ഗ്രഹത്തിലുണ്ടാകില്ല,” ഡെർബി കൗണ്ടി മാനേജർ വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അവൻ നേടിയ കരിയർ, അവൻ നേടിയ ട്രോഫികൾ, അവൻ സമ്പാദിച്ച പണം സിക്സ് പാക്ക്, അവന്റെ ശരീരം. മെസി ഒഴികെ മറ്റെല്ലാ താരങ്ങൾക്കും റൊണാൾഡോയോട് അസൂയയായിരിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.

“റൊണാൾഡോ ഗോളുകൾ നേടിയിട്ടുണ്ട് , ചാമ്പ്യൻസ് ലീഗിൽ സീസണിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പ്രധാനപ്പെട്ട ഗോളുകൾ നേടി, ടോട്ടൻഹാമിനെതിരെ ഹാട്രിക് നേടി, എന്നാൽ നിങ്ങൾ ക്ലബിന്റെ ഭാവിയിലേക്കാണ് നോക്കുന്നതെങ്കിൽ, ഈ അടുത്ത രണ്ടോ മൂന്നോ വർഷങ്ങളിൽ ഏറ്റവും മികച്ചത് ചെയ്യാനും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉയർത്താനും നിങ്ങൾ ചെറുപ്പകാരായ കളിക്കാർക്കൊപ്പം പോകണമെന്ന് ഞാൻ കരുതുന്നു. റൊണാൾഡോ തന്റെ ഇരുപതുകളിൽ അല്ലെന്നും റൂണി പോർച്ചുഗൽ താരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

റൂണിയുടെ അഭിപ്രായത്തിനു പിന്നാലെ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ “രണ്ട് അസൂയക്കാർ” എന്നാണ് റൊണാൾഡോ കമന്റ് ചെയ്തത്.സഹതാരമായ റൂണിയെയും ഷോയിൽ പങ്കെടുത്ത കാരഗറിനെയും ഉദ്ദേശിച്ച് റൊണാൾഡോ കമന്റ് ചെയ്തു. ഇതിനു പിന്നാലെ റൂണിയുടെ പോസ്റ്റിൽ റൊണാൾഡോ ആരാധകർ കൂട്ടത്തോടെ കമെന്റുമായി എത്തിക്കൊണ്ടിരിക്കുകയാണ്. റൂണിക്കെതിരെ റൊണാൾഡോ ആരാധകർ എത്തിയതോടെ റൂണിയുടെ പക്ഷം പിടിച്ചും ആരാധകർ എത്തുന്നുണ്ട്.

യുവന്റസിൽ നിന്ന് എത്തിയതിന് ശേഷം ഈ സീസണിൽ ഇതുവരെ റൊണാൾഡോ 18 ഗോളുകൾ നേടിയിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ മാസം അത്‌ലറ്റിക്കോ മാഡ്രിഡിനോട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷം ട്രോഫി ഇല്ലാതെ തുടർച്ചയായ അഞ്ചാം സീസൺ സഹിക്കാൻ യുണൈറ്റഡ് ഒരുങ്ങുകയാണ്. പ്രീമിയർ ലീഗിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ടീം.റൂണി യുണൈറ്റഡിൽ റൊണാൾഡോയ്‌ക്കൊപ്പം അഞ്ച് വർഷം ചെലവഴിച്ചു, ആ സമയത്ത് അവർ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, രണ്ട് ലീഗ് കപ്പുകൾ എന്നിവ നേടി.

Rate this post