‘ഇന്ത്യയെ ലോകകപ്പ് കളിപ്പിക്കാൻ സാധ്യമായതെല്ലാം ഞാൻ ചെയ്യും’: ഇഗോർ സ്റ്റിമാക് |Igor Stimac

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇഗോർ സ്റ്റിമാക്കിന്റെ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതായി എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ അറിയിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മാനേജർ ഇപ്പോൾ കുറഞ്ഞത് 2026 ജൂൺ വരെ ഇന്ത്യൻ ടീമിന്റെ ചുക്കാൻ പിടിക്കും.ഇന്ത്യ മൂന്നാം റൗണ്ട് ലോകകപ്പ് യോഗ്യതാ റൗണ്ടിലേക്ക് യോഗ്യത നേടുകയാണെങ്കിൽ നിലവിലുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടും.

ടീമിന്റെ സഹപരിശീലകനും മുൻ ഇന്ത്യൻ സ്റ്റോപ്പറുമായ മഹേഷ് ഗാവ്‌ലിയെ അണ്ടർ 23 പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.2019ലാണ് സ്റ്റിമാച് ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി ചുമതല ഏൽക്കുന്നത്. തായ്‌ലൻഡിൽ നടന്ന കിംഗ്സ് കപ്പായിരുന്നു ആദ്യത്തെ ചാമ്പ്യൻഷിപ്പ്. കുറാക്കാവോയോട് ഇന്ത്യ 3-1 ന് തോറ്റ ഇന്ത്യ ആതിഥേയരായ തായ്‌ലൻഡിനെ 1-0 ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.1998-ൽ ഫ്രാൻസിൽ നടന്ന ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യ ടീമിലെ അംഗമായ സ്റ്റിമാക് ണ്ട് സാഫ് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ നാല് പ്രധാന കിരീടങ്ങൾ ടീമിനൊപ്പം നേടുകയും ചെയ്തു.

ഏറ്റവുമൊടുവിൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീമിനെ 16-ാം റൗണ്ടിലെത്തിച്ചത് സ്റ്റിമാക് ആയിരുന്നു. 13 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് പ്രീ ക്വാർട്ടറിലെത്തിയത്. സ്റ്റിമാച്ചിന്റെ അടുത്ത ലക്‌ഷ്യം 2024ന്റെ തുടക്കത്തിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കുക എന്നതാണ്. അതിനു പുറമെ ലോകകപ്പ് യോഗ്യത റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയും വേണം.

“ആധുനിക ഫുട്ബോളിൽ നാലര വർഷം ഒരിടത്ത് ചെലവഴിക്കുന്നത് വളരെയേറെ മികച്ച കാര്യമാണ്. ഞങ്ങൾ ചെയ്ത കാര്യങ്ങൾ തിരിച്ചറിഞ്ഞുവെന്നും ആളുകൾ ഞങ്ങളിൽ വിശ്വസിച്ചിരുന്നുവെന്നും അത് കാണിക്കുന്നു. ആരാധകർ, അവർ എനിക്കും എന്റെ സ്റ്റാഫിനും അയച്ച പിന്തുണയുടെ സന്ദേശങ്ങൾ, അഭിനന്ദന വാക്കുകൾ എന്നിവയിൽ ഞാൻ സന്തുഷ്ടനാണ്.ഞങ്ങൾ ഇപ്പോഴും ഇവിടെ തുടരുന്നതിനും കൂടുതൽ മുന്നോട്ട് പോകാൻ തീരുമാനിക്കുന്നതിനുമുള്ള പ്രധാന കാരണം അവരാണ്. ഭാവിയിൽ അവരെ കൂടുതൽ സന്തോഷിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും, ”സ്റ്റിമാക് പറഞ്ഞു.

“ശക്തമായ ടീമുകൾക്കെതിരായ ഞങ്ങളുടെ സമീപകാല പ്രകടനങ്ങൾ കാണുമ്പോൾ ഫീൽഡിന്റെ എല്ലാ മേഖലകളിലും ഞങ്ങൾ മെച്ചപ്പെട്ടുവെന്ന് തെളിയിക്കുന്നു. ഞാൻ ഒരു പോസിറ്റീവ് വ്യക്തിയാണ്, അതിനാൽ 2026 ലോകകപ്പിന് യോഗ്യത നേടുന്നതിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് ഞാൻ പറയും.ഈ ഗ്രൂപ്പിൽ നിന്ന് ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു”നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളെക്കുറിച്ച് പരിശീലകൻ പറഞ്ഞു.