ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെതിരെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റസിന്റെ ജയം. ബ്ലാസ്റ്റേഴ്സ് മുഴുവൻ ആധിപത്യം പുലർത്തിയ മത്സരത്തിൽ അർജന്റീനിയൻ പെരേര ഡയസ്, സ്പാനിഷ് താരം വാസകേസ് എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ ഏറെ ശ്രദ്ധ നേടിയ പ്രകടനം നടത്തിയ താരമാണ് പെരേര ഡയസ്.
പെരേര എന്ന പേര് ആദ്യം കേൾക്കുമ്പോൾ പഴയ കാല സിമിയയിലെ വില്ലന്റെ മുഖമാണ് നമുക്ക് ഓര്മ വരുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അര്‍ജന്റീന താരം പെരേര ഡയസ് ആ ആഖ്യാനത്തെ ആകെ മാറ്റിമറിച്ചിരിക്കുന്നു. വില്ലനല്ല നായകനാണ് ഞാൻ എന്ന് ഒരു മത്സരത്തിലും താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്, കളിയിലുടനീളം നോർത്ത് ഈസ്റ്റ് ബോക്സിൽ പ്രതിരോധത്തിന് അലോസരം സൃഷ്ട്ടിച്ച അർജന്റീനിയനെ മാർക്ക് ചെയ്യാൻ എതിർ താരങ്ങൾ ബുദ്ധിമുട്ടി.ടീമിനായി അദ്ദേഹം നടത്തിയ കഠിന പ്രയത്നത്തിന്റെ ഫലം തന്നെയായിരുന്നു നോർത്ത് ഈസ്റ്റിനെതിരെ താരം നേടിയ ഗോൾ.
13 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ഒരു അസിസ്റ്റും നേടിയ ഡയസ് വസ്ക്വസ് -ലൂണ എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയസും വാസ്ക്കസും തന്നെയാണ്. ഇരുതലമൂർച്ചയുള്ള ഈ ആയുധങ്ങളെ തടയാൻ ഏത് പ്രതിരോധ നിരയും ശരിക്കും വിഷമിക്കുണ്ട്. പലപ്പോഴും അൽവാരോയുടെ സ്ട്രൈക്കർ പൊസിഷനിൽ ഡയസിനെയാണ് കാണാൻ സാധിക്കുന്നത്. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.
എന്നാൽ വ്യാഴാഴ്ച ജെംഷഡ്പൂര്‍ എഫ്സിക്കെതിരേ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നിരയിൽ ഡയസ് ഉണ്ടാവില്ല .നാലു മഞ്ഞക്കാര്‍ഡ് മൂലം അടുത്ത മത്സരം കളിക്കാന്‍ താരത്തിന് സാധിക്കില്ല, ഭൂട്ടാന് താരം ചെഞ്ചോയാകും ഡയസിന് പകരമെത്തുക. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന പെരേര ഡയസിന്റെ അഭാവം ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയുടെ ശക്തികുറക്കുമോ എന്ന സംശയമുണ്ട്.ഇനിയുള്ള ഓരോ മത്സരവും ജയിച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും പ്ലെ ഓഫിൽ സ്ഥാനം പിടിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്,ഇനിയുള്ള ഏഴില്‍ നാലുമത്സരമെങ്കിലും ജയിക്കാനായാല്‍ ടീമിന് പ്ലേഓഫ് ഉറപ്പിക്കാം.ജെംഷഡ്പൂര്‍ എഫ്സിയെ ആദ്യ ഘട്ടത്തിൽ നേരിട്ടപ്പോൾ സമനില ആയിരുന്നു ഫലം.
2008ൽ അർജന്റീന ടീം ഫെറോ കാറിൽ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷണൽ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാല് വർഷം അവിടെ കളിച്ചു. പിന്നീട് അത്ലറ്റികോ ലാനുസിൽ എത്തിയ മുപ്പത്തൊന്നുകാരൻ ലാനുസിന് 2013ലെ കോപ സുഡാമേരിക്കാന കിരീടം സമ്മാനിച്ചു. മലേഷ്യൻ സൂപ്പർ ലീഗ് ടീം ജോഹോർ ദാറുൾ താസിം എഫ്സിയിലായിരുന്നു പിന്നീട് പന്തുതട്ടിയത്. മൂന്ന് വർഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളിൽനിന്ന് 26 ഗോളടിച്ചു. താസിം എഫ്സിക്കായി എഎഫ്സി കപ്പിലും എഎഫ്സി ചാമ്പ്യൻസ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്ലറ്റികോ ഇൻഡിപെൻഡിന്റെ, ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപൊർടീവോ സാൻ മാർകോസ് ഡി അറിക തുടങ്ങിയ ടീമുകൾക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു.