ഫുട്ബോളിന്റെ മൂന്നു പ്രധാന നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് വെങ്ങർ

ഫുട്ബോളിൽ നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൂന്നു നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശവുമായി മുൻ ആഴ്സനൽ പരിശീലകൻ ആഴ്സൻ വെങ്ങർ. നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ ചീഫ് ഹെഡായ വെങ്ങർ ത്രോ, ഓഫ് സൈഡ്, കോർണർ/ഫ്രീ കിക്ക് എന്നീ മേഖലകളിലാണ് പുതിയ മാറ്റങ്ങൾ നിർദ്ദേശിച്ചത്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ പ്രതിരോധ താരങ്ങളുടെ ലൈനിനു മുന്നിൽ മുന്നേറ്റനിര താരങ്ങൾക്കു ഗോളടിക്കാൻ കഴിയുന്ന ഏതെങ്കിലും ശരീരഭാഗം വന്നാലാണ് അത് ഓഫ് സൈഡായി കണക്കാക്കുന്നത്. എന്നാൽ അതിനു പകരം മുന്നേറ്റ നിര താരങ്ങൾക്കു ഗോൾ നേടാൻ കഴിയുന്ന ഏതെങ്കിലും ശരീരഭാഗം പ്രതിരോധ താരങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ അത് ഓഫ് സൈഡായി കണക്കാക്കരുതെന്നാണ് വെങ്ങർ പറയുന്നത്.

ത്രോക്കു പകരം കിക്ക് ഇൻ ആരംഭിക്കണമെന്നും വെങ്ങർ പറഞ്ഞു. കളിയുടെ അവസാന ഘട്ടത്തിൽ ത്രോ എടുക്കുമ്പോൾ ഫീൽഡിൽ പത്തു പേർക്കെതിരെ ഒൻപതു പേർ എന്ന അവസ്ഥയാണുള്ളതെന്നും ഇത് എളുപ്പത്തിൽ പന്തു നഷ്ടപ്പെടാൻ ഇടയാക്കുമെന്നുമാണ് വെങ്ങറുടെ അഭിപ്രായം. കിക്ക് ഇൻ ഇക്കാര്യത്തിൽ കൂടുതൽ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

ഡെഡ് ബോൾ സാഹചര്യങ്ങളിലും വെങ്ങർ മാറ്റങ്ങൾ നിർദ്ദേശിച്ചു. ഇൻസ്വിങ്ങ് കോർണറുകൾ ഗോൾ ലൈൻ കടന്ന് തിരിച്ചു മൈതാനത്തേക്കു തന്നെ വരുന്നത് അനുവദിച്ചാൽ അതു കൂടുതൽ ഗോളവസരം സൃഷ്ടിക്കുമെന്നും അതിനു പുറമേ പെട്ടെന്നു ഫ്രീ കിക്ക് എടുക്കാൻ കളിക്കാരെ അനുവദിക്കണമെന്നും വെങ്ങർ പറഞ്ഞു.

Rate this post