‘ഫുട്ബോളില്‍ ഇനി നീല കാര്‍ഡും’ : എന്താണ് നീല കാർഡ്, അത് കളിയെ എങ്ങനെ മാറ്റും?

ഫുട്‌ബോളിൻ്റെ നിയമനിർമ്മാണ സ്ഥാപനമായ ഇൻ്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡ് (IFAB) മഞ്ഞയും ചുവപ്പും കൂടാതെ നീല കാർഡ് ഇറക്കാൻ ഒരുങ്ങുകയാണ്. 1970 ലോകകപ്പില്‍ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കൊണ്ടുവന്നതിന് ശേഷം ഇത് ആദ്യമായാണ് പുതിയ കാര്‍ഡ് കൊണ്ടുവരുന്നത്.

റഫറി നീല കാർഡ് നൽകിയ ശേഷം ഒരു കളിക്കാരൻ 10 മിനിറ്റ് സൈഡ്ലൈനിൽ ചെലവഴിക്കും.ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.അടുത്ത സീസൺ മുതൽ പുതിയ കാർഡ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒരു മല്‍സരത്തില്‍ രണ്ട് നീല കാര്‍ഡ് ലഭിച്ചാല്‍ ചുവപ്പ് കാര്‍ഡിന് തുല്യമായി കണ്ട് പുറത്താക്കും. ഒരു നീലയും ഒരു മഞ്ഞയും ലഭിച്ചാലും ചുവപ്പ് കാര്‍ഡ് ഉയര്‍ത്തും. ടോപ് ടയര്‍ മല്‍സരങ്ങളില്‍ നീല കാര്‍ഡ് ഉടന്‍ എത്തില്ല. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലോ ചാമ്പ്യൻസ് ലീഗിലോ ഇത് അവതരിപ്പിക്കാൻ യുവേഫ പദ്ധതിയിട്ടിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ വരാനിരിക്കുന്ന എഫ്എ കപ്പിലും വനിതാ എഫ്എ കപ്പിലും നീല കാർഡുകൾ അവതരിപ്പിക്കും.

ഫുട്ബോൾ മൈതാനങ്ങളിൽ നീല കാർഡുകൾ അവതരിപ്പിക്കാനുള്ള തീരുമാനം അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.ഒരു കളിക്കാരൻ ഒരു “സിനിക്കൽ ഫൗൾ” ചെയ്യുകയോ അല്ലെങ്കിൽ ഒരു മാച്ച് ഒഫീഷ്യലിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്താൽ ഒരു കളിക്കാരന് നീല കാർഡ് കാണിക്കാനുള്ള അധികാരം റഫറിക്ക് ഉണ്ടായിരിക്കും.

Rate this post