നിങ്ങൾ എന്ത് അബദ്ധം വരുത്തിവെച്ചാലും അത് ശരിയാക്കാൻ പിറകിൽ ലയണൽ മെസ്സിയുണ്ട് : മാക്ക് ആല്ലിസ്റ്റർ

കഴിഞ്ഞ വേൾഡ് കപ്പിൽ അർജന്റീന കിരീടം നേടിയപ്പോൾ അവർക്ക് വേണ്ടി സ്ഥിരമായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിൽ ഒരാളാണ് അലക്സിസ് മാക്ക് ആല്ലിസ്റ്റർ.ലോ സെൽസോ ഇല്ലാത്തതിനാൽ അർജന്റീനക്ക് മിഡ്ഫീൽഡിൽ വളരെയധികം ആശങ്കകൾ ഉണ്ടായിരുന്നു.ആ ആശങ്കകൾക്കെല്ലാം പരിഹാരം കാണാൻ മാക്ക് ആല്ലിസ്റ്റർക്ക് സാധിക്കുകയായിരുന്നു.

പലപ്പോഴും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്റെ ക്ലബ്ബായ ബ്രൈറ്റന് വേണ്ടി മാക്ക് ആല്ലിസ്റ്റർ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. പക്ഷേ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി മിന്നിയതോട് കൂടിയാണ് കൂടുതൽ ശ്രദ്ധ അദ്ദേഹത്തിൽ പതിഞ്ഞത്. അതുകൊണ്ടുതന്നെ നിരവധി ക്ലബ്ബുകൾ അദ്ദേഹത്തിൽ താൽപര്യം അറിയിച്ചുകൊണ്ട് മുന്നോട്ടു വരികയും ചെയ്തിരുന്നു. താരത്തിന്റെ വാല്യൂ വലിയ രൂപത്തിൽ വർദ്ധിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല വേൾഡ് കപ്പ് ജേതാവായതിനുശേഷം തന്റെ ക്ലബ്ബായ ബ്രൈറ്റണിലേക്ക് തിരിച്ചെത്തിയപ്പോൾ സുന്ദരമായ വരവേൽപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ഇപ്പോൾ ആ കിരീടനേട്ടത്തെ കുറിച്ച് സംസാരിക്കുന്ന വേളയിൽ അർജന്റീനയുടെ നായകനായ ലിയോ മെസ്സിയെ കുറിച്ചും മാക്ക് ആല്ലിസ്റ്റർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സിയോടൊപ്പം കളിക്കുമ്പോൾ എല്ലാ കാര്യങ്ങളും വളരെയധികം എളുപ്പമായിരിക്കും എന്നാണ് മാക്ക് ആല്ലിസ്റ്റർ ഇപ്പോൾ തന്റെ പുതിയ അഭിമുഖത്തിൽ പറഞ്ഞത്.

ലയണൽ മെസ്സിയോടൊപ്പം കളിക്കുമ്പോൾ നമുക്ക് എല്ലാ കാര്യങ്ങളും വളരെയധികം എളുപ്പമായിരിക്കും. കാരണം നിങ്ങൾ ഒരു അബദ്ധം വരുത്തി വെച്ചാൽ മെസ്സി കടന്നുവന്നു കൊണ്ട് അതെല്ലാം ശരിയാക്കുമെന്നുള്ള ബോധ്യം നിങ്ങൾക്കുണ്ട്. എന്ത് വരുത്തി വെച്ചാലും അത് റെഡിയാക്കാൻ പുറകിൽ ലയണൽ മെസ്സിയുണ്ട് – മാക്ക് ആല്ലിസ്റ്റർ പറഞ്ഞു.

കഴിഞ്ഞ വേൾഡ് കപ്പിൽ എപ്പോഴൊക്കെ അർജന്റീന പ്രതിസന്ധി നേരിട്ടുവോ അപ്പോഴൊക്കെ രക്ഷക വേഷമണിയാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ ലയണൽ മെസ്സി നേടിയ ഗോളാണ് അർജന്റീനക്ക് വഴിത്തിരിവ് സൃഷ്ടിച്ചത്.നെതർലാന്റ്സിനെതിരെ മെസ്സി നൽകിയ അസിസ്റ്റും അതിൽപ്പെടുത്താവുന്നവയാണ്.

2/5 - (3 votes)