ചാമ്പ്യൻസ് ലീഗിലെ പ്രതാപം ബാഴ്സലോണക്ക് വെറും ഓർമയായി മാറുമ്പോൾ ,കളികൾ ഇനി യുറോപ്പ ലീഗിൽ |FC Barcelona

യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രതാപം ബാഴ്സലോണക്ക് വെറും ഓർമയായി മാറുകയാണ്. തുടർച്ചയായ രണ്ടാം സീസണിലും സ്പാനിഷ് വമ്പന്മാർ യൂറോപ്പ ലീഗിലേക്ക് താരം താഴ്ന്നിരിക്കുകയാണ്.കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്കിനോട് 3-0ന് തോറ്റ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി.അഞ്ച് കളികളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും മൂന്ന് തോൽവിയും ഉൾപ്പെടെ നാല് പോയിന്റുമായി ബാഴ്‌സലോണ ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് ബാഴ്സ നോക്ക് ഔട്ട് കാണാതെ പുറത്തായത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ യൂറോപ്പ ലീഗിന്റെ 32-ാം റൗണ്ടിലേക്ക് ബാഴ്‌സലോണ മുന്നേറി. കഴിഞ്ഞ സീസണിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബാഴ്‌സലോണ പുറത്തായിരുന്നു. ബാഴ്‌സലോണയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായി രണ്ട് തവണ പുറത്താകുന്നത്. നേരത്തെ 1997-98, 1998-99 സീസണുകളിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കും ബാഴ്‌സലോണയും തമ്മിൽ 13 മത്സരങ്ങളിൽ 10ലും ജർമ്മൻ പട വിജയിച്ചു.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു ടീമിന് എതിരെ ഒരു ടീം നേടുന്ന ഏറ്റവും കൂടുതൽ വിജയമാണിത്. ഇരുടീമുകളും തമ്മിൽ ചാമ്പ്യൻസ് ലീഗ് കഴിഞ്ഞ ആറ് മത്സരങ്ങളിലും ജയിച്ചത് ബയേൺ മ്യൂണിക്കാണ് എന്നതും ശ്രദ്ധേയമാണ്. ബാഴ്‌സലോണയ്‌ക്കെതിരെ 22-4 എന്ന റെക്കോർഡോടെ ബയേൺ മ്യൂണിക്ക് ഇപ്പോൾ തുടർച്ചയായ ആറ് മത്സരങ്ങൾ വിജയിച്ചു. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി താരങ്ങളെ സ്വന്തമാക്കിയ ബാഴ്‌സ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇതേത്തുടർന്ന് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ബാഴ്‌സയ്ക്ക് സാധ്യതയുണ്ടെന്ന അഭിപ്രായം പലരും പ്രകടിപ്പിക്കുകയുണ്ടായി. ആ ബാഴ്‌സലോണയാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒരു മത്സരം മാത്രം വിജയിച്ച് തുടർച്ചയായ രണ്ടാമത്തെ സീസണിലും യൂറോപ്പ ലീഗിലേക്ക് പോകേണ്ടി വന്നിരിക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിനു ശേഷം നിരവധി താരങ്ങൾക്ക് പരിക്കേറ്റത് ബാഴ്‌സയുടെ പ്രകടനത്തെ ബാധിച്ചെങ്കിലും അതൊന്നും ഇത്രയും നിരാശപ്പെടുത്തുന്ന പ്രകടനത്തെ ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല.

ചാമ്പ്യൻസ് ലീഗിൽ മോശം പ്രകടനമാണ് ബാഴ്സ തുടരുന്നതെങ്കിലും ലാ ലീഗയിൽ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. പോയിന്റ് ടേബിളിൽ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സയുടെ സ്ഥാനം. കഴിഞ്ഞ വര്ഷം വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ ക്ലബ് കടന്നു പോകുമ്പോഴാണ് ഇതിഹാസ താരം സാവി ബാഴ്സയ്ട്ട് ചുമതല എല്ക്കുന്നത്. കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ ക്ലബ്ബിനെ രണ്ടാം സ്ഥാനത്തെത്തിച്ച സാവി ഒരു ഉയർത്തെഴുനേൽപ്പ് നൽകുകയും ചെയ്തു. ഈ സീസണിൽ മികച്ച താരങ്ങളെ കൂട്ടുപിടിച്ച് ലീഗിൽ മികവ് പുലർത്തുമ്പോഴും ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തിന് പരിശീലകൻ ഉത്തരം പറഞ്ഞെ മതിയാവു.

ഈ സീസണിലെ യൂറോപ്പ ലീഗിനെ മോശം എന്ന് പറയാൻ സാധിക്കില്ല. അവിടെ ബാഴ്‌സലോണയെ കാത്തിരിക്കുന്നത് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ,ആഴ്സണലും മുൻ ചാമ്പ്യൻമാരായ യുവന്റസുമാണ്. അയാക്സ് , അത്ലറ്റികോ മാഡ്രിഡ് ,സെവിയ്യ എന്നിവരുമുണ്ട്. യൂറോപ്പ ലീഗും ബാഴ്സക്ക് കടുപ്പമാവും എന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്.

Rate this post