എംബപ്പേ വന്നപ്പോഴാണ് ഞങ്ങൾക്ക് കൂടുതൽ പണി കിട്ടിയത്: സമ്മതിച്ച് ബയേൺ കോച്ച് നഗെൽസ്മാൻ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ഫസ്റ്റ് ലെഗ് പ്രീ ക്വാർട്ടർ മത്സരത്തിലും പിഎസ്ജി പരാജയം അറിഞ്ഞിരുന്നു. ഒരു ഗോളിനാണ് സ്വന്തം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ട് പിഎസ്ജിയെ ബയേൺ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മുൻ പിഎസ്ജി താരമായിരുന്ന കോമാൻ നേടിയ ഗോളാണ് പിഎസ്ജിക്ക് തോൽവി സമ്മാനിച്ചത്.അൽഫോൺസോ ഡേവിസാണ് അസിസ്റ്റ് നൽകിയത്.

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ പിഎസ്ജി നിരയിൽ മെസ്സിയും നെയ്മറും ഉണ്ടായിരുന്നു.എന്നാൽ എംബപ്പേ ഉണ്ടായിരുന്നില്ല. പക്ഷേ ഒരു ഗോൾ വഴങ്ങിയതോട് കൂടി കിലിയൻ എംബപ്പേയെ ഇറക്കാൻ പിഎസ്ജി പരിശീലകൻ നിർബന്ധിതനാവുകയായിരുന്നു. കളത്തിലേക്ക് വന്നശേഷം തകർപ്പൻ പ്രകടനമാണ് എംബപ്പേ നടത്തിയത്.ഒരു ഗോൾ അദ്ദേഹം നേടിയെങ്കിലും ഓഫ് സൈഡ് വിധിക്കുകയായിരുന്നു.

എംബപ്പേ വന്നതോടുകൂടിയാണ് തങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായത് എന്നുള്ള കാര്യം ഇപ്പോൾ ബയേണിന്റെ പരിശീലകനായ ജൂലിയൻ നഗെൽസ്മാൻ തുറന്നു പറഞ്ഞിട്ടുണ്ട്. ഏതൊരു മത്സരവും മാറ്റാൻ കെൽപ്പുള്ള താരമാണ് എംബപ്പേയെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.മത്സരത്തിന് ശേഷം സംസാരിക്കുന്ന വേളയിലാണ് ബയേൺ കോച്ച് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

‘ഏത് മത്സരവും സ്വയം മാറ്റിമറിക്കാൻ കഴിവുള്ള ഒരു താരമാണ് കിലിയൻ എംബപ്പേ.എംബപ്പേയെ കൊണ്ടുവന്നതോടു കൂടിയാണ് പിഎസ്ജി ഒന്ന് ഉണർന്ന് കളിച്ചത്.എംബപ്പേ ഇല്ലാത്ത പിഎസ്ജിയേക്കാൾ മികച്ചതായിരുന്നു എംബപ്പേ വന്നതിനുശേഷം ഉള്ള പിഎസ്ജി.രണ്ടാം പാദത്തിൽ അദ്ദേഹത്തെ പൂട്ടാനുള്ള കൂടുതൽ മികച്ച ഐഡിയകൾ ഞങ്ങൾക്ക് വേണം.മാത്രമല്ല അറ്റാക്കിൽ അവരെ വേദനിപ്പിക്കുകയും വേണം.ഏതൊരു മത്സരവും പിഎസ്ജിക്ക് അനുകൂലമാക്കി മാറ്റാനുള്ള കപ്പാസിറ്റിയുള്ള താരമാണ് എംബപ്പേ ‘ബയേൺ കോച്ച് പറഞ്ഞു.

പരിക്ക് മൂലമായിരുന്നു കിലിയൻ എംബപ്പേ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലാതിരുന്നത്.എന്നാൽ അടുത്ത മത്സരത്തിന് അദ്ദേഹം വളരെയധികം കോൺഫിഡൻസിലാണ്.അടുത്ത പാദത്തിലെ ഫേവറേറ്റുകൾ പിഎസ്ജി തന്നെയാണ് എന്നാണ് എംബപ്പേ മത്സരശേഷം പറഞ്ഞിട്ടുള്ളത്.

5/5 - (1 vote)
Kylian MbappePsg