എതിരാളി സുഹൃത്തായി മാറിയപ്പോൾ , റാമോസിന്റെ അസ്സിസ്റ്റിൽ നിന്നും ഗോൾ നേടുന്ന മെസ്സി|Lionel Messi

സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസിന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെക്കാൾ ഒരു വയസ്സ് കൂടുതലുണ്ട്. എന്നിരുന്നാലും, ഇരുവരും ഒരേ വർഷം ഫുട്ബോൾ ജീവിതം ആരംഭിച്ചു. ഇരുവരും 1992-ൽ തങ്ങളുടെ യൂത്ത് കരിയർ ആരംഭിക്കുകയും പിന്നീട് 2003-ൽ സീനിയർ ക്ലബ്ബിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. 2004-ൽ ലയണൽ മെസ്സി ബാഴ്‌സലോണയിൽ ചേർന്നപ്പോൾ, 2005-ൽ റാമോസ് സെവിയ്യയിൽ നിന്നും ബാഴ്‌സലോണയുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡിൽ ചേർന്നു. പിന്നീട് ലാലിഗയിൽ റാമോസും മെസ്സിയും തമ്മിലുള്ള നിരവധി പോരാട്ടങ്ങൾക്ക് കളമൊരുങ്ങി.

സ്പാനിഷ് ഫുട്ബോളിൽ ബാഴ്സലോണയും റയൽ മാഡ്രിഡും കടുത്ത എതിരാളികളാണ്. തന്റെ ടീമിന് വേണ്ടി കളത്തിൽ എന്തും ചെയ്യാൻ തയ്യാറായ ഡിഫൻഡറായിരുന്നു സെർജിയോ റാമോസ്. തന്റെ ടീമിനായി എതിരാളികളെ ശാരീരികമായി തളർത്താൻ റാമോസ് എപ്പോഴും തയ്യാറായിരുന്നു. എന്നിരുന്നാലും ലയണൽ മെസ്സി ഒരു ശാരീരികമായി കളിക്കുന്ന താരമായിരുന്നില്ല.പക്ഷേ കളിക്കളത്തിലെ തന്റെ പ്രകടനത്തിലൂടെ ബാഴ്‌സലോണയ്ക്ക് ഏറ്റവും മികച്ചത് മാത്രം സംഭാവന ചെയ്യാൻ കഴിയുന്ന ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു അദ്ദേഹം.

റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള മത്സരം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ എപ്പോഴും ആവേശഭരിതരാക്കുന്നു. ലയണൽ മെസ്സിയും റാമോസും തങ്ങളുടെ ടീമുകൾക്കായി മൈതാനത്ത് മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമ്പോൾ ഇരുവരും തമ്മിലുള്ള പോരാട്ടവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഒടുവിൽ, 2021-ൽ, റാമോസ് തന്റെ 16 വർഷത്തെ റയൽ മാഡ്രിഡ് കരിയർ അവസാനിപ്പിച്ചു, മെസ്സി തന്റെ 17 വർഷത്തെ ബാഴ്‌സലോണ കരിയർ അവസാനിപ്പിച്ച് ലാലിഗയിൽ നിന്ന് പടിയിറങ്ങി. ഇരുവരും ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമെയ്‌നിലെത്തിയപ്പോൾ ഒന്നര പതിറ്റാണ്ടായി എതിരാളികളായി കാലിച്ചവർ ഒരേ ടീമിന്റെ ജേഴ്സി അണിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

കഴിഞ്ഞ ലീഗ് 1ൽ ട്രോയിസിനെതിരായ മത്സരത്തിൽ ലയണൽ മെസ്സി ഗോൾ നേടിയപ്പോൾ അസിസ്റ്റ് നൽകിയത് റാമോസായിരുന്നു. പിഎസ്ജിയിൽ ചേർന്നതിന് ശേഷം ആദ്യമായാണ് റാമോസ് മെസ്സിക്ക് അസിസ്റ്റ് നൽകുന്നത്.തന്റെ ക്ലബ് കരിയറിൽ ലയണൽ മെസ്സിയെ സഹായിക്കുന്ന 61-ാമത്തെ കളിക്കാരനായി റാമോസ് മാറിയതിനു പുറമേ, റാമോസ് മെസ്സിക്ക് നൽകിയ അസിസ്റ്റ് ഫുട്ബോൾ ആരാധകർക്ക് ഒരുപാട് ഓർമ്മകൾ നൽകുന്നു. റാമോസ് മെസ്സിക്ക് നൽകിയ ഈ അസിസ്റ്റ് ഫുട്ബോൾ കായികരംഗത്തിന്റെ മറ്റൊരു ഭംഗി കാണിക്കുന്നു.

Rate this post