മെസ്സിയെ ഇന്റർവ്യൂ ചെയ്യുന്നതിനിടയിൽ കരച്ചിലടക്കാനാവാതെ ജേണലിസ്റ്റ്, ആശ്വസിപ്പിച്ച് മെസ്സി പറഞ്ഞ വാക്കുകൾ

ലയണൽ മെസ്സിയുടെ ഒരു പുതിയ ഇന്റർവ്യൂ കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിരുന്നു. ഡയറക്ട് സ്പോർട്സ് ടിവിക്ക് നൽകിയ അഭിമുഖമായിരുന്നു അത്. അർജന്റീനയെ കുറിച്ചും വേൾഡ് കപ്പിനെ കുറിച്ചും തന്നെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ മെസ്സി ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പ്രശസ്ത ജേണലിസ്റ്റായ പാബ്ലോ ഗിറാൾട്ടായിരുന്നു മെസ്സിയെ ഇന്റർവ്യൂ ചെയ്തിരുന്നത്.അദ്ദേഹം വലിയ ഒരു മെസ്സി ആരാധകനാണ്. മാത്രമല്ല അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മെസ്സിയെ ഇന്റർവ്യൂ ചെയ്യുക എന്നുള്ളത്.

ആ സ്വപ്നം സാക്ഷാത്കരിക്കാൻ പാബ്ലോക്ക് സാധിക്കുകയായിരുന്നു. മാത്രമല്ല ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷം കൊണ്ട് മെസ്സിയെ ഇന്റർവ്യൂ ചെയ്യുന്നതിനിടയിൽ അദ്ദേഹം വിതുമ്പുകയായിരുന്നു.അദ്ദേഹം കരച്ചിലടക്കാൻ പാടുപെട്ടു.ആ സമയത്ത് പാബ്ലോ പറഞ്ഞത് ഇങ്ങനെയാണ്.

‘ എന്റെ ജീവിതത്തിൽ ഉടനീളം നിങ്ങളെ ഇന്റർവ്യൂ ചെയ്യുക എന്നുള്ളത് എന്റെ സ്വപ്നമായിരുന്നു.പക്ഷേ ഇങ്ങനെ ഒരു അവസരം എനിക്ക് ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്.ഈ അവസരം നൽകിയതിന് എന്റെ ഹൃദയത്തിൽ നിന്നും ഞാൻ നന്ദി പറയുന്നു ‘ ഇതായിരുന്നു വിതുമ്പിക്കൊണ്ട് പാബ്ലോ പറഞ്ഞത്.

തുടക്കത്തിൽ മെസ്സി അത്ഭുതപ്പെട്ടു കൊണ്ട് ചിരിക്കുന്നത് വീഡിയോയിൽ നമുക്ക് കാണാം. പിന്നീട് മെസ്സി പാബ്ലോയെ ആശ്വസിപ്പിക്കുകയായിരുന്നു.മെസ്സി അദ്ദേഹത്തോട് ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

‘ നിങ്ങളോടും ഞാൻ നന്ദി പറയുന്നു. ഇത്തരത്തിലുള്ള ആളുകളിലേക്ക് എത്തുന്നതിൽ ഞാൻ വളരെയധികം എക്സൈറ്റഡ് ആണ്. അർജന്റീനയിലും ലോകത്തും എന്നെ പിന്തുണയ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.എനിക്ക് നിങ്ങൾ നൽകുന്ന, നൽകിക്കൊണ്ടിരിക്കുന്ന ഈ സ്നേഹത്തിന് ഞാനെന്നും നന്ദി ഉള്ളവനായിരിക്കും ‘ മെസ്സി പറഞ്ഞു.

തീർച്ചയായും തന്റെ ആരാധകരെ വളരെയധികം സ്നേഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് മെസ്സി.അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും ഒരുപാട് ആരാധകരുണ്ട്.എന്തുകൊണ്ടാണ് ലോകം മുഴുവനും മെസ്സിക്ക് ആരാധക കൂട്ടം എന്ന് ചോദിച്ചാൽ ഇതൊക്കെ തന്നെയാണ് ഉദാഹരണങ്ങൾ.

Rate this post
ArgentinaLionel Messi