കഴിഞ്ഞ സീസണിൽ തന്നെ ലയണൽ മെസ്സിക്കും നെയ്മർ ജൂനിയർക്കും സ്വന്തം ആരാധകരിൽ നിന്നും സ്വന്തം മൈതാനത്ത് വെച്ച് അപമാനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പിഎസ്ജി ആരാധകർ തന്നെ ഇരു താരങ്ങളെയും കൂവി വിളിക്കുകയായിരുന്നു. ഇത്തവണയും സ്ഥിതിഗതികൾക്ക് മാറ്റമില്ല.കൂടുതൽ മോശമായ രീതിയിലാണ് ഇപ്പോൾ മെസ്സിയെ പിഎസ്ജി ആരാധകർ ട്രീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തിനു മുന്നേതന്നെ ലയണൽ മെസ്സിയെ ആരാധകർ കൂവാൻ തുടങ്ങിയിരുന്നു.ഈ സീസണിൽ ഇതിനുമുൻപും ഇത് നടന്നിരുന്നു.പക്ഷേ ഇത്തവണ പിഎസ്ജി ആരാധകർക്ക് വലിയ വിമർശനങ്ങളാണ് ഏൽക്കേണ്ടി വരുന്നത്.പ്രത്യേകിച്ച് ഫ്രാൻസിൽ നിന്നു തന്നെ മെസ്സിയെ അപമാനിച്ചതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
തിയറി ഹെൻറിക്ക് പുറമേ മറ്റൊരു ഫ്രഞ്ച് ഇതിഹാസമായ ഇമ്മാനുവൽ പെറ്റിറ്റും ലയണൽ മെസ്സിക്ക് പിന്തുണയുമായി ഇപ്പോൾ വന്നുകഴിഞ്ഞു.മെസ്സിയെ കൂവിയത് ഫുട്ബോളിനെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്. പിഎസ്ജി ഒരു ഫുട്ബോൾ ക്ലബ്ബ് അല്ലെന്നും മെസ്സിയോട് എത്രയും പെട്ടെന്ന് ക്ലബ്ബ് വിടാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.പെറ്റിറ്റ് പറഞ്ഞത് ഇപ്രകാരമാണ്.
‘ഞാൻ ആരാധകരുടെ കൂവലിനെ പറ്റി കേട്ടിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം ഇത് ഫുട്ബോളിനെ അപമാനിക്കുകയാണ്.പിഎസ്ജി എന്നുള്ളത് ഒരു ഫുട്ബോൾ ക്ലബ്ബ് അല്ല. മറിച്ച് റിട്ടയർമെന്റിന് മുമ്പ് എല്ലാവരും എത്തുന്ന ഒരു ക്ലബ് ആണ്. പിഎസ്ജിയിലുള്ള ആരും തന്നെ ഇംപ്രൂവ് ആവുകയില്ല.മെസ്സി എന്നാൽ ഒരു മാന്ത്രികനാണ്.ബാക്കിയുള്ള താരങ്ങളാണ് അധ്വാനിക്കേണ്ടത്.നിങ്ങൾ മെസ്സിക്ക് ചുറ്റും നല്ലൊരു സ്‌ക്വാഡ് പണിതിട്ടില്ല എന്ന യാഥാർത്ഥ്യം ഇനി മനസ്സിലാക്കാനുള്ളത് പിഎസ്ജി ആരാധകർ മാത്രമാണ്. അവർക്ക് അത് ഒരിക്കലും മനസ്സിലാവുകയുമില്ല.മാത്രമല്ല അവർക്ക് അങ്ങനെ ഒരു സ്‌ക്വാഡ് ഉണ്ടാക്കാൻ സാധിക്കുകയുമില്ല.കാരണം അവരുടെ മാനേജ്മെന്റ് മാർക്കറ്റിൽ ഒരു ദുരന്തമാണ്.ലയണൽ മെസ്സി പിഎസ്ജി വിടുന്നതാണ് അദ്ദേഹത്തിന് നല്ലത് ‘പെറ്റിറ്റ് പറഞ്ഞു.
Emmanuel Petit (French legend): “When I see the whistles against Messi, it’s an insult to football. If I have any advice for Messi: Get out of that club! PSG is not a football club…” pic.twitter.com/7ChsfExq4F
— Barça Universal (@BarcaUniversal) April 3, 2023
മെസ്സിയുടെ പാരീസ് വിടാനുള്ള ആവശ്യം ദിവസേന ഉയർന്നുവരികയാണ്.നിലവിൽ മെസ്സി ക്ലബ്ബ് വിടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.പക്ഷേ യൂറോപ്പിലെ മറ്റുള്ള ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ലഭിച്ചിട്ടില്ലെങ്കിൽ മെസ്സിക്ക് പാരിസിൽ തന്നെ തുടരേണ്ടി വന്നേക്കും.