ബാലൻ ഡി ഓർ തീയതി കുറിച്ചു, ഇത്തവണ ബാലൻ ഡി ഓർ ആര് നേടും?

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ഓരോ വർഷവും ലഭിക്കുന്ന പ്രശസ്ത അവാർഡാണ് ബാലൻ ഡി ഓർ. ലിയോ മെസ്സി ഏഴ് തവണയും ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് തവണയും സ്വന്തമാക്കിയ ബാലൻ ഡി ഓർ അവാർഡിന്റെ നിലവിലെ ജേതാവ് ഫ്രഞ്ച് സൂപ്പർ താരമായ കരീം ബെൻസെമയാണ്.

നേരത്തെ ഫിഫയുമായി സഹകരിച്ചു കൊണ്ട് ഫിഫ ബാലൻ ഡി ഓർ എന്ന പേരിലാണ് നൽകിയതെങ്കിലും പിന്നീട് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം കൊണ്ടുവന്നു. എന്തായാലും ഇത്തവണ ബാലൻ ഡി ഓർ അവാർഡ് നേടാനുള്ള മത്സരവും അതികഠിനമാണ്. ലിയോ മെസ്സിയും എംബാപ്പേയും ഹാലൻഡുമടങ്ങുന്ന സംഘമാണ് മത്സരിക്കുന്നത്.

ലോകഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരന് ഓരോ വർഷവും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ അവാർഡിന്റെ ഇത്തവണത്തെ തീയതി കുറിക്കപ്പെട്ടു. 2022-2023 സീസണിലെ കണക്കുകൾ പ്രകാരമുള്ള ഇത്തവണത്തെ ബാലൻ ഡി ഓർ അവാർഡ് ചടങ്ങ് ഒക്ടോബർ 30-നാണ്‌ അരങ്ങേറുക.

അതേസമയം സെപ്റ്റംബർ മാസം 6-ന് ബാലൻ ഡി ഓർ, യാഷിൻ ട്രോഫി, കോപ ട്രോഫി എന്നിവക്കുള്ള നോമിനികളുടെ പേരുകൾ പ്രഖ്യാപിക്കും. മികച്ച ഗോൾകീപ്പർക്ക് നൽകുന്ന യാഷിൻ ട്രോഫിയെ കൂടാതെ മികച്ച യുവ താരത്തിനാണ് കോപ ട്രോഫി നൽകുന്നത്. യാഷിൻ ട്രോഫി, കോപ ട്രോഫി എന്നിവക്ക് 10 നോമിനികളെ പ്രഖ്യാപിക്കുമ്പോൾ, വിമൻസ് ബാലൻ ഡി ഓറിനു 20, പുരുഷ ബാലൻ ഡി ഓറിനു 30 നോമിനികളെയാണ് പ്രഖ്യാപിക്കുന്നത്.

ഇത്തവണ ഫിഫ വേൾഡ് കപ്പ്‌ നേടിയ അർജന്റീന നായകൻ ലിയോ മെസ്സി ബാലൻ ഡി ഓർ നേടുമെന്ന് ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെടുമ്പോൾ ക്ലബ്ബ് ഫുട്ബോളിലും യൂറോപ്പിലുമായി കിടിലൻ പ്രകടനം നടത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിംഗ് ഹാലൻഡ് തന്റെ ആദ്യ ബാലൻ ഡി ഓർ നേടുമെന്നാണ് ഒരുകൂട്ടം ആരാധകർ പറയുന്നത്. കിലിയൻ എംബാപെയും ബാലൻ ഡി ഓർ നേടാൻ സാധ്യതയുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.

4/5 - (1 vote)