ഗബ്രിയേൽ ജീസസ് അടക്കമുള്ള ആഴ്‌സണൽ താരങ്ങളെ എന്ത്കൊണ്ട് ബ്രസീൽ ടീമിലേക്ക് പരിഗണിച്ചില്ല?|Brazil

അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ ഖത്തർ ലോകകപ്പിന് മുന്നോടിയായി ഈ മാസം രണ്ടു സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്.സെപ്തംബർ 23 ന് ഫ്രഞ്ച് നഗരമായ ലെ ഹാവ്രെയിൽ ഘാനയെയും നാല് ദിവസത്തിന് ശേഷം പാർക് ഡെസ് പ്രിൻസസിൽ ടുണീഷ്യയെയും നേരിടും. മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ പരിശീലകൻ ടിറ്റെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.

ടീമിൽ നിന്നു ഗംഭീര ഫോമിലുള്ള ആഴ്‌സണൽ താരങ്ങൾ ആയ ഗബ്രിയേൽ ജീസുസ്‌, ഗബ്രിയേൽ മാർട്ടിനെല്ലി, പ്രതിരോധ താരം ഗബ്രിയേൽ എന്നിവർ ഇടം പിടിക്കാത്തത് വലിയ ചർച്ചക്ക് വഴിവെച്ചു. ആഴ്‌സണൽ ജേഴ്സിയിൽ തന്റെ ആദ്യ അഞ്ച് മത്സരങ്ങളിൽ ആറ് ഗോളുകൾക്ക് നേരിട്ട് സംഭാവന നൽകിയിട്ടും ജീസസിനെ ടീമിലേക്ക് പരിഗണിക്കാത്തതാണ് ഏറെ ചോദ്യങ്ങൾ ഉയർത്തിയത്.ദക്ഷിണ കൊറിയയ്ക്കും ജപ്പാനുമെതിരായ സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്ത 25-കാരന്റെ ടിറ്റെയുടെ 26 അംഗ ടീമിലെ അഭാവവും ആശ്ചര്യകരമാണ്.

ലിവർപൂളിന്റെ റോബർട്ടോ ഫിർമിനോ, പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്റണി, ടോട്ടൻഹാം ഹോട്‌സ്പറിന്റെ റിച്ചാർലിസൺ എന്നിവരെല്ലാം ജീസസിനെ മറികടന്ന് ടീമിലെത്തി. ” ഗബ്രിയേൽ ജീസസ് നിലവിൽ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത് പക്ഷെ ബാക്കിയുള്ള കളിക്കാരും അവസരങ്ങൾ അർഹിക്കുന്നുണ്ട് ” എന്നാണ് ബ്രസീലിയൻ പരിശീലകൻ ടിറ്റെ അഭിപ്രയാപ്പെട്ടത്. എന്നാൽ ആഴ്‌സണൽ ഫുട്‌ബോൾ ഡയറക്ടർ എഡുവിന്റെ അഭ്യർത്ഥന പ്രകാരം ആണ് ഇത്തരം ഒരു തീരുമാനം ബ്രസീൽ പരിശീലകൻ ടിറ്റെ എടുത്തത് എന്ന റിപ്പോർട്ടുകൾ ഉണ്ട് .

മുൻ ബ്രസീലിയൻ, ആഴ്‌സണൽ താരമായ എഡുവും പരിശീലകൻ ടിറ്റെയും ബ്രസീൽ ബോർഡും ആയി വലിയ അടുപ്പം ആണ് ഉള്ളത്. ബ്രസീലിന്റെ മുൻ ഫുട്‌ബോൾ ഡയറക്ടർ കൂടിയായിരുന്നു എഡു. താരങ്ങൾക്ക് വിശ്രമം വേണം എന്ന കാര്യത്തിൽ എഡുവിന്റെ അഭിപ്രായത്തോട് ടിറ്റെ യോജിക്കുക ആയിരുന്നു. വേൾഡ് കപ്പിന് മുന്നേ കളിക്കാരെ പരീക്ഷിക്കാനുള്ള അവസാന അവസരത്തെയാണ് ടിറ്റെ സൗഹൃദ മത്സരങ്ങളെ കാണുന്നത്. ജീസസിന് പകരമായി ബ്രസീലിയൻ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഫ്‌ളെമെംഗോയുടെ ഫോർവേഡ് പെഡ്രോയെയാണ് ടിറ്റെ ടീമിലെടുത്തത്.

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൺ (പാൽമീറസ്)

ഡിഫൻഡർമാർ: ബ്രെമർ, അലക്‌സ് സാന്ദ്രോ, ഡാനിലോ (എല്ലാവരും യുവന്റസ്), എഡർ മിലിറ്റോ (റയൽ മാഡ്രിഡ്), റോജർ ഇബാനസ് (എഎസ് റോമ), മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്‌ൻ), തിയാഗോ സിൽവ (ചെൽസി), അലക്‌സ് ടെല്ലസ് (സെവില്ല)

മിഡ്ഫീൽഡർമാർ: ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ യുണൈറ്റഡ്), കാസെമിറോ, ഫ്രെഡ് (ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡ്), എവർട്ടൺ റിബെയ്റോ (ഫ്ലമെംഗോ), ഫാബിഞ്ഞോ (ലിവർപൂൾ), ലൂക്കാസ് പക്വെറ്റ (വെസ്റ്റ് ഹാം യുണൈറ്റഡ്)

ഫോർവേഡുകൾ: ആന്റണി (മാഞ്ചസ്റ്റർ യുണൈറ്റഡ്), റോബർട്ടോ ഫിർമിനോ (ലിവർപൂൾ), മാത്യൂസ് കുൻഹ (അത്ലറ്റിക്കോ മാഡ്രിഡ്), നെയ്മർ (പിഎസ്ജി), പെഡ്രോ (ഫ്ലമെംഗോ), റാഫിൻഹ (ബാഴ്സലോണ), റിച്ചാർലിസൺ (ടോട്ടൻഹാം), റോഡ്രിഗോ (റിയൽ മാഡ്രിഡ്), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്)