തുടർച്ചയായ തോൽവികൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെ ഓഫ് പ്രതീക്ഷകൾ ഇല്ലതാക്കുമോ? |Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി മൂന്നാം തോല്‍വി നേരിട്ടു . ചെന്നൈയിന്‍ എഫ്.സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. ഇന്നത്തെ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

15 കളികളിൽനിന്ന് 26 പോയിന്റുണ്ടെങ്കിലും നാലാംസ്ഥാനം സുരക്ഷിതമല്ല. അഞ്ചാംസ്ഥാനത്തുള്ള മുംബൈ സിറ്റി 2 മല്‍സരങ്ങള്‍ കുറച്ചുകളിച്ച് 25 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡിസംബറിലെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ജനുവരി ഇടവേളയ്ക്ക് ശേഷം ലീഗ് പുനരാരംഭിച്ചപ്പോള്‍ തിരിച്ചടികള്‍ മാത്രമാണ് ടീമിനെ തേടി എത്തുന്നത്. ഇന്നലെ മത്സരത്തിൽ തുടക്കം മുതൽ ചെന്നൈയിൻ എഫ്‌സിയുടെ മുന്നേറ്റത്തിനും ആക്രമണത്തിനും മുൻപിൽ കേരളാ ബ്ലാസ്റ്റേഴ്സിന് പിടിച്ചുനിൽക്കാനായില്ല.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയും മുന്നേറ്റനിരയും നിരാശാജകനകമായ പ്രകടനമാണ് കാഴ്ചവച്ചത്. ഈ വര്ഷം സൂപ്പർ കപ്പിലും ലീഗിലുമായി ആറു മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിന് ഒരു ജയം മാത്രമാണ് നേടാൻ സാധിച്ചത്.സൂപ്പർ കപ്പിൽ ജനുവരി 10 ആം തീയതി നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സൂപ്പർ കപ്പിലെ അടുത്ത രണ്ടു മത്സരങ്ങളിൽ ജാംഷെഡ്പൂരിനോടും നോർത്ത് ഈസ്റ്റിനോടും ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടു. അതിനു ശേഷം ലീഗിൽ കളിച്ച മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് പരാജയം രുചിച്ചു.

പ്രധാന താരങ്ങളുടെ പരിക്കുകളാണ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകർച്ചയുടെ പ്രധാന കാരണം. മിഡ്ഫീൽഡ് മാസ്റ്റർ അഡ്രിയാൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സ് നിരയിൽ വലിയ രീതിയിൽ പ്രകടനമാവുന്നുണ്ട്.”എത്ര കളിക്കാരെയാണ് പരിക്കുമൂലം ഈ സീസണിൽ നഷ്ടപ്പെട്ടതെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. ഇതൊന്നും പേശികൾക്കുള്ള പരിക്കില്ല. ഓരോ വട്ടവും സംഭവിക്കുന്ന പരിക്കുകൾ ഗുരുതരമാണ്. ഇതെനിക്ക് സന്തോഷം നൽകുന്നില്ല. ഇതെല്ലം എന്നിൽ നിരാശ ജനിപ്പിക്കുന്നു” ഇന്നലത്തെ മത്സരത്തിന് ശേഷം പരിശീലകൻ ഇവാൻ പറഞ്ഞ വാക്കുകളാണിത്.

ഈ നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെ ഓഫ് സാധ്യതകളും ഇല്ലാതാവും എന്നുറപ്പാണ്. ഈ സീസണിലെ എവേ മത്സരങ്ങളിലെ മോശം ഫോമും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തെ വലിയ രീതിയിൽ തടസ്സപ്പെടുത്തും. പ്രധാന താരങ്ങളുടെ അഭാവത്തിൽ യുവ താരങ്ങളെയാണ് ഇവാൻ കൂടുതൽ ആശ്രയിക്കുന്നത്.കൊച്ചിയിൽ ഗോവക്കെതിരെയാണ് കേരളത്തിന്റ അടുത്ത മത്സരം. അതിൽ വിജയിച്ച് തിരിച്ചുവരാം എന്ന വിശ്വാസത്തിലാണ് ക്ലബും ആരാധകരും.

Rate this post