മെസിയും ഡി മരിയയും അടുത്ത ലോകകപ്പ് കളിക്കുമോ, മറുപടി നൽകി സ്‌കലോണി

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച രണ്ടു താരങ്ങളാണ് ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും. ലയണൽ മെസി ടൂർണമെന്റിന്റെ ഓരോ ഘട്ടത്തിലും നിർണായക ഗോളുകൾ നേടി ടീമിനെ മുന്നോട്ടു നയിച്ചപ്പോൾ ഡി മരിയ വിശ്വരൂപം പുറത്തേക്ക് കൊണ്ടു വന്നത് ഫൈനലിൽ ഫ്രാൻസിനെതിരെയായിരുന്നു. ഡി മരിയയെ പിൻവലിച്ചതിനു ശേഷമാണ് ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചു വന്നത്.

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ടീമിൽ നിന്നും വിരമിക്കുമെന്ന് പ്രതീക്ഷിച്ച രണ്ടു താരങ്ങൾ കൂടിയായിരുന്നു മെസിയും ഏഞ്ചൽ ഡി മരിയയും. എന്നാൽ ലോകകപ്പ് നേടിയതോടെ അർജന്റീന ടീമിനായി വീണ്ടും കളിക്കണമെന്നാണ് ഇരുവരും പറഞ്ഞത്. ഇതോടെ അടുത്ത ലോകകപ്പിലും മെസി കളിക്കാനുള്ള സാധ്യതയും തെളിഞ്ഞു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ലയണൽ സ്‌കലോണി സംസാരിക്കുകയുണ്ടായി.

“മെസി അടുത്ത ലോകകപ്പിൽ കളിക്കുമോ? അതേക്കുറിച്ച് താരം തന്നെയാണ് തീരുമാനം എടുക്കേണ്ടത്. ശാരീരികമായ അവസ്ഥ അനുവദിക്കുന്നത് വരെ താരം കളിക്കളത്തിൽ തുടരും. അതനുവദിച്ചാൽ താരം ലോകകപ്പിലും കളിക്കും. ഏഞ്ചൽ ഡി മരിയയുടെ കാര്യത്തിലും അങ്ങിനെ തന്നെയാണ്.” കഴിഞ്ഞ ദിവസം സ്കൈ സ്പോർട്ട്സിനോട് സംശയിക്കുമ്പോൾ ലയണൽ സ്‌കലോണി പറഞ്ഞു.

അടുത്ത ലോകകപ്പിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നു തന്നെയാണ് ലയണൽ മെസി വെളിപ്പെടുത്തിയിട്ടുള്ളത്. അടുത്ത ലോകകപ്പ് സമയം ആകുമ്പോഴേക്കും ശാരീരികമായ അവസ്ഥയും ഫോമും ഇതുപോലെ നിലനിർത്താൻ കഴിയുമോയെന്ന സംശയം താരത്തിനുണ്ട്. അതേസമയം അടുത്ത ലോകകപ്പിലും മെസിക്ക് കളിക്കാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.

ഏഞ്ചൽ ഡി മരിയയെ സംബന്ധിച്ചിടത്തോളം അടുത്ത ലോകകപ്പ് താരത്തിന്റെ ലക്‌ഷ്യം പോലുമല്ല. പരിക്കിന്റെ ബുദ്ധിമുട്ടുകൾ അടിക്കടി വരാറുള്ള താരം 2024ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. അതിനു വേണ്ടി യൂറോപ്പിൽ തന്നെ തുടരാനാണ് ഡി മരിയ ആഗ്രഹിക്കുന്നത്.