മെസ്സി എന്ന് ടീമിനൊപ്പം ചേരും? മറ്റുള്ളവരെക്കാൾ മൂല്യം മെസ്സിയുടെ വാക്കിനാണെന്ന് സ്‌കലോണി |Lionel Messi

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഖത്തർ വേൾഡ് കപ്പിനുള്ള തന്റെ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. നവംബർ പതിനാലാം തീയതിയാണ് അദ്ദേഹം സ്‌ക്വാഡ് പ്രഖ്യാപിക്കുക. പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകളാണ് സ്‌കലോണിയുടെ സ്‌ക്വാഡ് പ്രഖ്യാപനം ഇത്രയും വൈകിക്കുന്നത്.

സൂപ്പർ താരം ലയണൽ മെസ്സി വേൾഡ് കപ്പിന് മുന്നേ പിഎസ്ജിക്കൊപ്പമുള്ള എല്ലാ മത്സരങ്ങളും കളിക്കും എന്നുള്ള കാര്യം ഫ്രഞ്ച് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.വേൾഡ് കപ്പിന് മുന്നേ അർജന്റീന ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. നവംബർ പതിനാറാം തീയതി UAE ക്കെതിരെയാണ് ആ മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് രണ്ടുദിവസം മുമ്പേ, അതായത് നവംബർ 14ാം തീയതി ലയണൽ മെസ്സി അർജന്റീനയുടെ ടീമിനൊപ്പം ചേരും എന്നുള്ള കാര്യം പരിശീലകൻ സ്ഥിരീകരിച്ചിട്ടുണ്ട്.മാത്രമല്ല മെസ്സിയെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരെക്കാൾ ഏറെ മൂല്യം ലയണൽ മെസ്സിയുടെ വാക്കിനാണ് എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.

‘ മെസ്സി ഇപ്പോൾ ഓക്കേയാണ്.ടീം എല്ലാ താരങ്ങളെയും ഒരുമിച്ചു കൂട്ടും. മെസ്സി ഇപ്പോൾ വളരെയധികം കംഫർട്ടബിളാണ്.UAE ക്കെതിരെ നടക്കുന്ന മത്സരത്തിന്റെ 2 ദിവസം മുന്നേ നമുക്ക് അദ്ദേഹത്തെ ലഭ്യമാകും. മറ്റുള്ളവരെക്കാളുമൊക്കെ മെസ്സിയുടെ വാക്കിനാണ് ഞാൻ ഏറെ മൂല്യം കൽപ്പിക്കുന്നത് ‘ ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മെസ്സി ഈ സീസണിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. താരം UAE ക്കെതിരെയുള്ള സൗഹൃദ മത്സരം കളിക്കുമോ എന്നുള്ള കാര്യം വ്യക്തമായിട്ടില്ല.ഏതായാലും ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന മറ്റൊരു അറബ് രാജ്യമായ സൗദി അറേബ്യയെയാണ് നേരിടുക.