ആഴ്സനലിലെത്താൻ വില്യനും ലൂയിസും ക്ഷണിച്ചു, ചെൽസിയാണു താൽപര്യമെന്ന് ബ്രസീലിയൻ താരം

ചെൽസിയിൽ നിന്നും ആഴ്സനലിലേക്കു ചേക്കേറിയ ഡേവിഡ് ലൂയിസും വില്യനും തന്നെയും ഗണ്ണേഴ്സിലേക്കു ക്ഷണിച്ചിരുന്നുവെന്ന് ചൈനീസ് സൂപ്പർ ലീഗിൽ ഷാങ്ങ്ഹായ് എസ്ഐപിജിയുടെ താരമായ ഓസ്കാർ. മുൻപ് ഡേവിഡ് ലൂയിസിനും വില്യനുമൊപ്പം ചെൽസിയിലും ദേശീയ ടീമിലും കളിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ഓസ്കാർ.

“ഞങ്ങൾ തമ്മിൽ അടുത്ത ബന്ധമാണുള്ളത്. അവരെന്നെ വിളിച്ചിരുന്നു. പലപ്പോഴും ആഴ്സനലിലേക്കു വരാൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ അതു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഷാങ്ഹായ് എസ്ഐപിജിയുമായി കരാർ നിലനിൽക്കുന്ന കാലത്തോളം മറ്റു ലീഗുകളിലേക്കു ചേക്കേറുക ദുഷ്കരമാണ്.” ഫോക്സ് സ്പോർട്സ് ബ്രസീലിനോടു സംസാരിക്കുമ്പോൾ ഓസ്കാർ പറഞ്ഞു.

അതേ സമയം യൂറോപ്പിലേക്ക് തിരിച്ചെത്താനുള്ള തന്റെ ആഗ്രഹവും ഓസ്കാർ മറച്ചു വെച്ചില്ല. “നിലവിൽ ചൈനീസ് ക്ലബുമായി കരാർ പൂർത്തിയാക്കാനാണ് ഞാൻ കരുതുന്നത്. അതിനു ശേഷം യൂറോപ്പിലേക്കു ചേക്കേറുകയാണെങ്കിൽ ചെൽസിക്കു തന്നെയായിരിക്കും ആദ്യ പരിഗണന. ഇറ്റാലിയൻ ക്ലബുകളായ മിലാൻ, ഇൻറർ എന്നിവയിലും താൽപര്യമുണ്ട്.” ഓസ്കാർ വ്യക്തമാക്കി.

2012ൽ ബ്രസീലിയൻ ക്ലബിൽ നിന്നും ചെൽസിയിലെത്തിയ ഓസ്കാർ 2017ലാണ് ചൈനീസ് ലീഗിലെത്തുന്നത്. രണ്ടു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു യൂറോപ്പ ലീഗ് കിരീടവും ചെൽസിക്കൊപ്പം സ്വന്തമാക്കിയ ഓസ്കാർ ചൈനീസ് ക്ലബുമായുള്ള കരാർ അവസാനിച്ചതിനു ശേഷം യൂറോപ്പിലേക്കു തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Rate this post