ലയണൽ മെസിയുടെ ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഇതുവരെയും താരം തന്റെ പിഎസ്‌ജി കരാർ പുതുക്കാൻ തയ്യാറായിട്ടില്ല. ഈ സീസണു ശേഷം മെസി പിഎസ്‌ജി വിടുമെന്നും യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നുമുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമാണ്.
അതിനിടയിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്നുള്ള വാർത്തകളും ശക്തമായി ഉണ്ടായിരുന്നു. ബാഴ്‌സലോണ പ്രസിഡന്റും ക്ളബ് പരിശീലകനായ സാവിയും മെസിയെ സ്വാഗതം ചെയ്‌തിരുന്നു. മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ആലോചന ബാഴ്‌സലോണക്കുണ്ടെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിൽ പ്രധാന തിരിച്ചടിയാകുന്നത്.
അതിനിടയിൽ ബാഴ്‌സലോണയുടെ മൈതാനമായ ക്യാമ്പ് നൂവിൽ മെസിക്ക് വേണ്ടിയുള്ള ചാന്റുകൾ ഉയർന്നിരുന്നു. പിക്വയുടെ നേതൃത്വത്തിൽ നടത്തുന്ന പുതിയ ടൂർണമെന്റായ കിങ്‌സ് ലീഗിന്റെ ഫൈനൽ കഴിഞ്ഞ ദിവസം ക്യാമ്പ് ന്യൂവിൽ വെച്ചാണ് നടന്നത്. ഇതിനിടയിലാണ് ലയണൽ മെസിയുടെ പേര് ആരാധകർ ഉയർത്തിയത്.
മത്സരത്തിന് ഒരു മണിക്കൂർ മുൻപ് തന്നെ ക്യാമ്പ് ന്യൂ സ്റ്റേഡിയം നിറഞ്ഞിരുന്നു. മെസിയുടെ പേര് അതിനിടയിൽ ഉയർന്നു കേട്ടപ്പോൾ ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് അതിനെ സ്വീകരിച്ചത്. അതിനു പുറമെ മെസിക്ക് വേണ്ടി പ്രത്യേകം ചാന്റുകളും സ്റ്റേഡിയത്തിൽ ഉയർന്നു. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നു.
The Camp Nou chanted Lionel Messi’s name at the Kings League final 🔈
— B/R Football (@brfootball) March 26, 2023
(via @AvivLevyShoshan) pic.twitter.com/Oi2yHBKUVK
ഫുട്ബോൾ മത്സരത്തിൽ സെലിബ്രിറ്റികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി അതിനൊപ്പം വിനോദത്തിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് പിക്വ കിങ്‌സ് ലീഗ് നടത്തിയിരിക്കുന്നത്. വലിയ വിജയമാണ് ഇത്തവണത്തെ കിങ്‌സ് ലീഗെന്നത് ക്യാമ്പ് ന്യൂവിൽ എത്തിയ കാണികളുടെ എണ്ണം വ്യക്തമാക്കി നൽകുന്നു. അടുത്ത സീസണിൽ ബ്രസീലിൽ വെച്ചാണ് ഇത് നടക്കാൻ സാധ്യതയുള്ളത്.