❝മൗറീഞ്ഞോയുടെയും ഡിബാലയുടെയും വരവോടെ റോമ കിരീട പ്രതീക്ഷയുള്ളവരായി മാറി❞: ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട

സീരി എയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് എഎസ് റോമയെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി അവർക്ക് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കാറില്ല.2000-2001 സീസണിലാണ് എഎസ് റോമ അവസാനമായി സീരി എ കിരീടം ഉയർത്തിയത്.മുൻ റോമ ഫോർവേഡ് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട ഈ സീസണിൽ എഎസ് റോമയുടെ കിരീട സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു.

ഏതാനും മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ എന്നതിനാൽ ആർക്കാണ് കിരീടസാധ്യത എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം ലഭിക്കേണ്ട സമയമായിട്ടില്ലെന്നും ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു. എന്നാലും റോമക്ക് കിരീടം നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.“റോമയ്ക്കും ഇന്ററിനും മിലാനും ഇത് നല്ല വർഷമായിരിക്കും. സീരി എയിൽ ധാരാളം മത്സരാർത്ഥികളുണ്ട് ”ബാറ്റിസ്റ്റ്യൂട്ട LA7-നോട് പറഞ്ഞു. റോമയുടെ പരിശീലകനായി മൗറീഞ്ഞോ ചുമതലയേറ്റതും അർജന്റീന താരം ഡിബാല റോമയിൽ എത്തിയതും പോസിറ്റീവായാണ് ബാറ്റിസ്റ്റ്യൂട്ട കാണുന്നത്.

റോമയ്ക്ക് വേണ്ടി സൈൻ ചെയ്തതിന് ശേഷം ബാറ്റിസ്റ്റ്യൂട്ടയുടെ ആദ്യ സീസണിൽ റോമ സീരി എ ജേതാക്കളായിരുന്നു. 2000-2001 സീസണിൽ സീരി എ ജേതാക്കളായ എഎസ് റോമയ്ക്ക് പിന്നീട് ഒരിക്കലും സീരി എ ചാമ്പ്യൻമാരായിട്ടില്ല. അവരെപ്പോലെ റോമയ്ക്കും ഈ സീസണിൽ സന്തോഷകരമായ അന്ത്യമുണ്ടാകുമെന്നും ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.”മൗറീഞ്ഞോയുടെയും ഡിബാലയുടെയും വരവോടെ, 2001-ൽ ഞങ്ങൾ ചെയ്തതിന് സമാനമായ ഒന്നിലൂടെയാണ് റോമ കടന്നുപോകുന്നത്. ഈ റോമയ്ക്കും ഞങ്ങളെപ്പോലെ സമാനമായ ഒരു അന്ത്യത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.

ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് ഒരു അഭിനിവേശമുണ്ടെന്നും അത് ദീർഘകാലം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു. “ക്ലബിന് ചുറ്റും ഒരു പുതിയ ഉടമസ്ഥാവകാശ ഗ്രൂപ്പും ആവേശവുമുണ്ട്. ഇത് വളരെക്കാലം നിലനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ബാറ്റിസ്റ്റ്യൂട്ട കൂട്ടിച്ചേർത്തു.ഈ സീസണിൽ സീരി എയുടെ 8 റൗണ്ടുകൾ പൂർത്തിയാക്കിയ എഎസ് റോമ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

എട്ട് കളികളിൽ അഞ്ച് ജയവും ഒരു സമനിലയും രണ്ട് തോൽവിയും ഉൾപ്പെടെ 16 പോയിന്റാണ് എഎസ് റോമയ്ക്കുള്ളത്. 8 കളികളിൽ നിന്ന് 20 പോയിന്റുമായി നാപ്പോളിയും അറ്റലാന്റയും നിലവിൽ സീരി എ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ബാറ്റിസ്റ്റ്യൂട്ടയുടെ വാക്കുകൾ കടമെടുത്താൽ, ഇതുവരെ കുറച്ച് മത്സരങ്ങൾ പൂർത്തിയായതിനാൽ, ആരാണ് വിജയിയാകാൻ കൂടുതൽ സാധ്യതയെന്ന് ഉറപ്പിച്ച് പറയാനാവില്ല.