❛❛ഛേത്രിയില്ലെങ്കിൽ ഇന്ത്യൻ ടീമിനായി ആര് ഗോളടിക്കും? ❜❜ : സൂപ്പർ താരത്തിന് ശേഷം ഇന്ത്യൻ ഫുട്ബോൾ നേരിടേണ്ട പ്രധാന വെല്ലുവിളി |Sunil Chhetri

ഇന്ന് നടക്കുന്ന ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യ ജോർദാനുമായി ഏറ്റുമുട്ടും.ഉയർന്ന റാങ്കുകാരായ ജോർദാനെ നേരിടാൻ ഒരുങ്ങുമ്പോൾ ആറു മാസത്തിന് ശേഷം ക്യാപ്റ്റൻ സുനിൽ ഛേത്രി ദേശീയ തിരിച്ചെത്തും.2021 ഒക്ടോബറിൽ നടന്ന SAFF ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേപ്പാളിനെതിരെ 3-0 ന് വിജയിച്ച സമയത്താണ് 37 കാരനായ ഛേത്രി അവസാനമായി ഇന്ത്യക്കായി കളിച്ചത് എന്നാൽ അതിനുശേഷം പരിക്കുകൾ കാരണം ടീമിന് പുറത്തായിരുന്നു.

ജൂൺ 8 മുതൽ കൊൽക്കത്തയിൽ ആരംഭിക്കുന്ന 2023 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന തയ്യാറെടുപ്പ് മത്സരമാണിത്. ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ 106-ാം സ്ഥാനത്തേക്കാൾ 91-ാം സ്ഥാനത്താണ് ജോർദാൻ.

സുനിൽ ഛേത്രി ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഇന്ത്യൻ ടീമിന്റെ ഒരു ദയനീയ അവസ്ഥ കൂടി ഇത് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ 15 വർഷമായി ഇന്ത്യൻ ടീമിന്റെ ഒറ്റയാൾ പോരാളിയാണ് ഛേത്രി. ഛേത്രിക്ക് പകരമായയോ അദ്ദേഹത്തിന് പിന്തുണ നൽകാനോ ഒരു താരം പോലും വളർന്നു വന്നിട്ടില്ല എന്നത് ദുഖകരമായ കാര്യമാണ്.ഇന്ത്യയുടെ അവസാന മത്സരങ്ങളിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അത്കൊണ്ട് തന്നെ ഇന്ത്യൻ ടീമിൽ ഇപ്പോൾ സ്വാഭാവിക ഗോൾസ്‌കോറർ അല്ലെങ്കിൽ നമ്പർ 9 ഇല്ല എന്ന് പറയേണ്ടി വരും

ഛേത്രിയെ കൂടുതലായും ആശ്രയിക്കുന്ന ശൈലിയാണ് ഇന്ത്യൻ പിന്തുടരുന്നത്.ഇത് മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ SAFF ചാമ്പ്യൻഷിപ്പിന്റെ കാര്യമെടുക്കാം. ടൂർണമെന്റ് വിജയിച്ചെങ്കിലും, ഇന്ത്യയുടെ മോശം ഗോൾ സ്കോറിംഗ് കഴിവുകളും ഛേത്രിയെ ആശ്രയിക്കുന്നതും പ്രകടമായിരുന്നു.ഇന്ത്യൻ ടീം നേടിയ എട്ട് ഗോളുകളിൽ അഞ്ചും സുനിൽ ഛേത്രിയാണ് നേടിയത്. ഒരു കളിയിൽ 16 ഷോട്ടുകൾക്ക് അടുത്താണ് ടീം ശരാശരി നേടിയത്, മൊത്തം 79 ഷോട്ടുകൾ.ഇത് സ്‌ട്രൈക്കർമാരുടെ കടുത്ത ആവശ്യത്തെ കാണിക്കുന്നു. ഇതിനായി ആഭ്യന്തര ലീഗിൽ വിദേശ താരങ്ങളുടെ കാര്യത്തിലും നിയന്ത്രണ മാറ്റങ്ങൾ വരുത്തി. പക്ഷെ വിചാരിച്ച ഫലമുണ്ടായില്ല.

പലപ്പോഴും സെന്റര് ഫോർവേഡ് എന്ന പേരിൽ വരുന്നവർ വിങ്ങർമാരോ വൈഡ് ഫോർവേഡുകളോ ആണ്. ലിസ്റ്റൺ കൊളാക്കോ, റഹീം അലി, മൻവീർ സിംഗ് എന്നിവർ ഇതിന് ഉദാഹരണമാണ്. അവർ സ്ഥിതിവിവരക്കണക്കിൽ മികവ് പുലർത്തിയിട്ടുണ്ട്, പക്ഷേ സെന്റർ ഫോർവേഡുകളായി മികവ് പുലർത്താൻ സാധിക്കാറില്ല.ഈ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ലിസ്റ്റൺ നേടിയിട്ടുണ്ട്. ഈ സീസണിൽ ബഗാന്റെ ടോപ് സ്കോറർ ആണ് ലിസ്റ്റൺ. പക്ഷെ അദ്ദേഹം ടീമിൽ വിങ്ങറായാണ് കളിക്കുന്നത് .ഇക്കഴിഞ്ഞ എഎഫ് സി കപ്പിൽ ഹാട്രിക്ക് നേടാൻ താരത്തിന് സാധിച്ചിരുന്നു. ഒരു പരിധിവരെ ഛേത്രിയുടെ സ്ഥാനത്ത് ലിസ്റ്റണെ പരീക്ഷിക്കാവുന്നതാണ്.

ജോർദാനെതിരെയുള്ള മത്സരത്തിൽ ഛേത്രിയെ കൂടാതെ ഇഷാൻ പണ്ഡിറ്റ, മൻവീർ സിംഗ് എന്നി രണ്ടു സ്‌ട്രൈക്കർമാരാണ് ടീമിൽ ഉള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷെഡ്പൂരിനായി 17 മത്സരങ്ങൾ കളിച്ച താരം വെറും മൂന്നു ഗോളുകൾ മാത്രമാണ് നേടിയത്. രണ്ടാമത്തെ സ്‌ട്രൈക്കറായ 25 കാരനായ മൻവീർ സിംഗ് ഇന്ത്യൻ സൂപ്പർ ലീഗിൽ 22 മത്സരങ്ങളിൽ നിന്നും നേടിയത് 6 ഗോളുകൾ മാത്രമാണ്. 2017 മുതൽ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്ന താരത്തിന് 29 മത്സരങ്ങളിൽ നിന്നും നേടാനായത് വെറും അഞ്ചു ഗോളുകൾ മാത്രമാണ്. പരിക്കുകൾ കൊണ്ട് വലഞ്ഞെങ്കിലും ഈ സീസണിൽ ബിഎഫ്‌സിക്ക് വേണ്ടി നാലു ഗോളുകൾ ഛേത്രി നേടിയിരുന്നു. ജിപോൾ സ്കോറിങ് മികവ് കൂടി കണക്കിലെടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹലിനെ മുന്നേറ്റ നിരയിൽ കളിപ്പിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.ബ്രാൻഡൻ ഫെർണാണ്ടസ്, സഹൽ അബ്ദുൾ സമദ് തുടങ്ങിയ അറ്റാക്കിങ് മിഡ്ഫീൽഡർസ് ഇന്ത്യൻ ഫോർവേഡുകളേക്കാൾ കൂടുതൽ ഗോൾ നേടിയവരാണ്.

ഛേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബാൾ എന്ത് ? ആര് ? എന്ന ചോദ്യങ്ങൾ പലപ്പോഴും ഉയന്നു വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ഛേത്രിയുടെ പകരക്കാരനെ കണ്ടെത്തുക എന്നത് വളരെ വലിയൊരു കടമ്പയാണ്. ഇന്ത്യൻ ഫുട്ബോളിൽ ഐഎം വിജയൻ ,ബൂട്ടിയ എന്നി ഇതിഹാസങ്ങളേക്കാൾ ഉയരത്തിൽ നിൽക്കുന്ന താരമാണ് ഛേത്രി. പക്ഷേ ഫുട്ബോൾ ഒരു ടീം സ്പോർട് ആണ് ഒരു മത്സരം വിജയിക്കാൻ ടീമിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്, എ‌ഐ‌എഫ്, ഐ‌എസ്‌എൽ എന്നിവ ലീഗ് തലത്തിലും ഗ്രാസ്‌റൂട്ടിലും ഒരുപോലെ താരങ്ങളെ വളർത്തിക്കൊണ്ടു വരുന്നുണ്ട് . ഛേത്രി ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകൾ അതാണ് വലുതാണ്. ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വീണ്ടും ഇന്ത്യയുടെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഛേത്രി.