കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരിക്കലും മറക്കാത്ത സുശാന്ത് മാത്യുവിന്റെ മഴവിൽ ഗോൾ|Kerala Blasters

കേരള ഫുട്ബോളിന്റെ ഇപ്പോഴത്തെ തലമുറ ഒരിക്കലും മറക്കാത്ത ആ‌ സുന്ദര നിമിഷം ഫുട്ബോൾ ലോകത്തിന് സമ്മാനിച്ച സുശാന്ത് മാത്യുവിനെ ഓർമിക്കാത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആരുമുണ്ടാവില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് 11 സീസൺ ആണ് കളിക്കാൻ ഒരുങ്ങുന്നത്, ഈ കാലത്തിനിടയിൽ നിരവധി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്തതും പകരം വെക്കാനാവാത്തതുമായ ഗോൾ പിറന്നത് മലയാളി താരം സുശാന്ത് മാത്യുവിന്റെ ബൂട്ടിൽ നിന്നും പിറന്ന മഴവിൽ ഗോൾ തന്നെയാണ്.

2014 സീസണിൽ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സുശാന്ത് നേടിയ ഇടം കാൽ ഗോള്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നതാണ്. ഐഎസ്എല്ലില്‍ പിറന്ന ഏറ്റവും മനോഹരമായ ഗോളുകളില്‍ ഒന്നായാണ് സുശാന്തിന്റെ ഗോള്‍ വിലയിരുത്തപ്പെടുന്നത്.കേരള ബ്ലാസ്റ്റേഴ്സിനായ് വെറും 4 മത്സരങ്ങൾ മാത്രമേ അദ്ദേഹം കളത്തിലിറങ്ങിയുള്ളൂ. ക്ലബ്ബിന് വേണ്ടി നേടിയത് ഒരേ ഒരു ഗോൾ മാത്രം. പക്ഷേ 2014-ൽ ചെന്നൈയ്ക്കെതിരെ ആദ്യ പാദ സെമി ഫൈനലിൽ അദ്ദേഹം നേടിയ ലോങ്ങ് റേഞ്ചർ ഗോൾ ഇടം പിടിച്ചത് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായ് അത് മാറി. തന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് അതെന്നാണ് ആ ഗോൾ നേട്ടത്തെ കുറിച്ച് സുശാന്ത് മാത്യു അഭിപ്രായപ്പെട്ടിരുന്നത്. മത്സരത്തിന്റെ 94-ാം മിനിറ്റിൽ ഇയാൻ ഹ്യൂമുമായി പാസുകൾ കൈമാറി സുശാന്ത് ചെന്നൈയിൻ പകുതിയിലേക്ക് കുതിച്ചു, രണ്ട് ഡിഫൻഡർമാരെ വെട്ടിച്ച്, ടോപ്പ് കോർണറിലേക്ക് 40 യാർഡ് അകലെ നിന്നും തൊടുത്തു വിട്ട ഷോട്ട് വലയിൽ കയറി.കേരളം ഫൈനലിലെത്തുകയും സുശാന്തിനെ ഒറ്റരാത്രികൊണ്ട് റോക്ക്സ്റ്റാർ ആവുകയും ചെയ്തു.

ഒരു സീസണിന് ശേഷം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് പുനെ സിറ്റി എഫ്സി താരത്തെ സ്വന്തമാക്കിയെങ്കിലും പരിക്ക് കാരണം അദ്ദേഹത്തിന് ആ സീസണിൽ കൂടുതൽ മത്സരങ്ങളിൽ അവസരം ലഭിച്ചില്ല. 2017-18 സീസണിൽ ഗോകുലം എഫ്സിക്ക് വേണ്ടി കളിച്ച് സീസൺ അവസാനിപ്പിച്ച താരം തൊട്ടടുത്ത വർഷം തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുകയും കളിക്കളത്തോട് വിട പറയുകയും ചെയ്തു.

വാസ്‌കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബാംഗള്‍, നെറോക്ക എഫ്.സി. എന്നീ ടീമുകളിലും കളിച്ച സുശാന്ത് മഹീന്ദ്ര യുണൈറ്റഡിൽ തുടർച്ചയായ 6 വർഷത്തോളം ആണ് അദ്ദേഹം കളിച്ചത്. കരിയറിൽ അദ്ദേഹം ഏറ്റവും കൂടുതൽ കാലം ചിലവഴിച്ചതും മഹീന്ദ്ര യുണൈറ്റഡിൽ ആണ്. ആ സുന്ദര ഗോൾ മറക്കാതിരിക്കുന്ന കാലം വരെ സുശാന്തും ഫുട്ബോൾ ആരാധകരുടെ മനസ്സിലുണ്ടാവും.

Rate this post