ഗോളെന്നുറച്ച ബോൾ തട്ടിയകറ്റിയ സിൽവയുടെ വേൾഡ് ക്ലാസ് സേവ് , വീഡിയോ കാണാം

ലോക ഫുട്ബോളിലെ ഏറ്റവും കരുത്തനായ പ്രതിരോധ താരങ്ങളുടെ ഗണത്തിലാണ് ബ്രസീലിയൻ വെറ്ററൻ താരം തിയാഗോ സിൽവയുടെ സ്ഥാനം. പ്രായം തളർത്താതെ പോരാളി എന്ന് സംശയമില്ലതെ വിശേഷിപ്പിക്കാവുന്ന താരമാണ് സിൽവ. 37 ആം വയസ്സിലും രാജ്യത്തിന് വേണ്ടിയും ക്ലബിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് സിൽവ പുറത്തെടുക്കുന്നത്. ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരായ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു സെൻസേഷണൽ ഗോൾ-ലൈൻ ക്ലിയറൻസിലൂടെ തിയാഗോ സിൽവ എന്താണെന്നു കാണിച്ചു തന്നു.

മത്സരത്തില്‍ ഓര്‍ത്തിരിക്കാന്‍ നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആരാധകരെ ഞെട്ടിച്ച സിൽവയുടെ ഒരു സേവ് ഇപ്പോള്‍ ലോകഫുട്‌ബോള്‍ ഏറ്റെടുത്തിരിക്കുകയാണ്. മത്സരത്തിന്റെ 28-ാം മിനിട്ടിലാണ് സില്‍വയുടെ മിന്നല്‍ സേവ് നടന്നത്. പന്തുമായി മുന്നേറിയ യുവന്റസ് താരം ആല്‍വാരോ മൊറാട്ട ചെല്‍സി ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്തു. ഏവരും ഗോളെന്ന് ഉറപ്പിച്ച സമയം. എന്നാല്‍ ഗോള്‍കീപ്പര്‍ക്കും പോസ്റ്റിനുമിടയില്‍ രക്ഷകനായി അവതരിച്ച സില്‍വ പന്ത് അവിശ്വസനീയമായി ക്ലിയര്‍ ചെയ്തു. മെന്‍ഡിയുടെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിലേക്ക് പോകുകയായിരുന്ന പന്തിനെ ഗോള്‍ലൈനിന് തൊട്ടുമുന്നില്‍ വെച്ച് സില്‍വ ഗതിമാറ്റിവിട്ടു. സില്‍വയുടെ സേവ് വലിയ ഞെട്ടലാണ് മൊറാട്ടയ്ക്കും യുവന്റസിനും നല്‍കിയത്.

ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ 37 കാരനായ സില്‍വയുടെ ഈ തകര്‍പ്പന്‍ സേവ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി.37 കാരനായ ബ്രസീലിയൻ ഡിഫൻഡർ 2020-ൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ചെൽസിയിലേക്ക് മാറിയത്. സിൽവയുടെ ഈ പ്രായത്തിൽ പ്രീമിയർ ലീഗ് പോലെയുള്ള ലീഗിൽ താരത്തിന് മികവ് പുറത്തെടുക്കാൻ സാധിക്കുമോ എന്ന സംശയം ഉയർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ചെൽസി ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെക്കുകയും 2021-22 ലും ആ ഫോം തുടരുകയും ചെയ്തു. 37 ആം വയസ്സിലും വിഷൻ,ഡിസിഷൻ മേക്കിങ്, കമാന്റിങ്, ഏരിയൽ എബിലിറ്റി എന്നി ഏരിയകളിൽ മികവ് പുലർത്തുന്ന ബ്രസീലിയൻ വളർന്നു വരുന്ന താരങ്ങൾക്ക് റഫറൻസ് ആയി എടുക്കാവുന്ന ഒരു ഇതിഹാസമാണ്.

സിൽവയുടെ ചെൽസിയുമായുള്ള കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കും എന്നാൽ ഒരു വര്ഷം കൂടി കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ് താരം.ഈ സീസണിൽ കരാർ അവസാനിച്ചു കഴിഞ്ഞാൽ സിൽവ തന്റെ ബാല്യകാല ക്ലബ്ബായ ഫ്ലുമിനെസിലേക്ക് പോകുമെന്ന വാർത്തകൾ ഉണ്ടായിരുന്നു.എന്നിരുന്നാലും സിൽവയുടെ ‘മുൻഗണന’ സ്റ്റാംഫോർഡ് ബ്രിഡ്ജായി തുടരുന്നു.വരാനിരിക്കുന്ന ആഴ്‌ചകളിൽ അദ്ദേഹത്തിന്റെ ഇടപാടിന്റെ ഒരു വർഷത്തെ നീട്ടൽ സംബന്ധിച്ച ചർച്ചകൾ ആരംഭിക്കാനും ബ്ലൂസ് തയ്യാറെടുക്കുന്നുണ്ട്.2020-ൽ PSG-ൽ നിന്ന് ഒരു ഹ്രസ്വകാല കരാറിൽ ചേർന്നതിന് ശേഷം സിൽവ ഈ സീസണിൽ ഒരു വർഷത്തെ വിപുലീകരണത്തിൽ ഒപ്പുവച്ചു.ചെൽസിയിൽ യുവതാരങ്ങളായ ട്രെവർ ചലോബയും മലാംഗ് സാറും സെന്റർ ബാക്കിൽ അവസരം ലഭിച്ചപ്പോൾ മികവ് കാട്ടിയിരുന്നു. വരുന്ന സീസണിൽ സെവിയ്യയ്യിൽ നിന്നും ജൂൾസ് കൊണ്ടെയെയും ലക്‌ഷ്യം വെക്കുന്നുണ്ട്. എന്നാലും സിൽവയുടെ പരിചയ സമ്പത്തിലും നേതൃത്വ മികവിലും ചെൽസി വിശ്വാസമർപ്പിക്കുകയാണ്.

14-ആം വയസ്സിൽ ഫ്ലുമിനെസിലെ അക്കാദമിയിലൂടെ വളർന്ന സിൽവ കരിയർ പടുത്തുയർത്താൻ റഷ്യൻ ക്ലബ് ഡൈനാമോ മോസ്കോയിലേക്ക് പോയെങ്കിൽ ഒരു വർഷത്തിന് ശേഷം ഫ്ലുമിനെസിൽ തിരിച്ചെത്തി.2009-ൽ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം 108 തവണ അവർക്കായി കളിച്ചു.അവിടെ വെച്ചാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി സ്വയം സ്ഥാപിക്കുകയും 2012-ൽ മെഗാ സമ്പന്നമായ PSG-യിലേക്ക് മാറുകയും, ലെസ് പാരീസിയൻസിന്റെ പ്രതിരോധത്തിന്റെ ശക്തനായി മാറുകയും ചെയ്തത്. ബ്രസീലിയൻ ദേശീയ ടീമിനോടൊപ്പം 102 മത്സരങ്ങൾ കളിച്ച സിൽവ 7 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post