ഞങ്ങൾക്ക് നല്ല പുരോഗതിയുണ്ട്,അവർ ചാമ്പ്യൻസ് ലീഗ് നേടിയത് ഇങ്ങനെയാണ് :സാവി

ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ ഒരു വലിയ പരാജയം ബാഴ്സക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബാഴ്സ പരാജയപ്പെട്ടത്.ഇതോടുകൂടി അഗ്രിഗേറ്റിൽ 4-1 പരാജയപ്പെട്ട ബാഴ്സ കോപ ഡെൽ റേയിൽ നിന്നും പുറത്താവുകയും ചെയ്തു.

അവസാനമായി കളിച്ച മൂന്ന് എൽ ക്ലാസ്സിക്കോ മത്സരങ്ങളിലും വിജയിക്കാൻ സാവിക്ക് കീഴിൽ ബാഴ്സക്ക് സാധിച്ചിരുന്നു.പക്ഷെ ഈ തോൽവി തികച്ചും അപ്രതീക്ഷിതമായിരുന്നു. സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് നാലു ഗോളുകൾ വഴങ്ങേണ്ടി വന്നത് എന്നുള്ളത് ഈ തോൽവിയുടെ ആഘാതം വർധിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട താരങ്ങളുടെ പരിക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു.

ഈ തോൽവിയിൽ ബാഴ്സയുടെ പരിശീലകനായ സാവി പ്രതികരിച്ചിട്ടുണ്ട്.തന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ബാഴ്സ പുരോഗതിയുടെ പാതയിലാണ് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.ചാമ്പ്യൻസ് ലീഗ് ജേതാക്കളോടാണ് തങ്ങൾ പരാജയപ്പെട്ടതെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ റയൽ മാഡ്രിഡിനെതിരെയാണ് കളിച്ചത്.ആദ്യപകുതിയിൽ അവർക്ക് ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല.ഞങ്ങൾ കൂടുതൽ അവസരം ഉണ്ടാക്കിയെങ്കിലും അവരാണ് ഗോൾ നേടിയത്.കഴിഞ്ഞ തവണ അവർ ഇങ്ങനെയാണ് ചാമ്പ്യൻസ് ലീഗ് നേടിയത്.അവർക്കെതിരെയാണ് ഞങ്ങൾ കളിച്ചത്.ഞങ്ങൾ എവിടെ നിന്നാണ് എന്നുള്ളത് ഈ സമയത്ത് ഓർക്കാം.ഒന്നിന് വേണ്ടിയും പോരാടാൻ കെൽപ്പില്ലാത്ത ഒരു ടീമായിരുന്നു ഞങ്ങൾ.പക്ഷേ ഇപ്പോൾ ഒരു വർഷം പിന്നിട്ടപ്പോൾ ഞങ്ങൾ സൂപ്പർ കപ്പ് നേടി.ലാലിഗ ഞങ്ങൾക്ക് നേടാൻ കഴിയും.എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങൾ പുരോഗതിയിൽ തന്നെയാണ് ‘സാവി പറഞ്ഞു.

റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ബാഴ്സ സൂപ്പർ കപ്പ് നേടിയിരുന്നത്.കോപ ഡെൽ റേയിൽ നിന്ന് പുറത്തായെങ്കിലും ലാലിഗ കിരീട സാധ്യത ബാഴ്സക്ക് തന്നെയാണ്.രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡിനേക്കാള്‍ 12 പോയിന്റ് മുന്നിലാണ് ബാഴ്സ.

Rate this post