സിദാനും പിഎസ്‌ജിയെ വേണ്ട, അടുത്ത ക്ലബ്ബിനെ തിരഞ്ഞെടുത്ത് ഫ്രഞ്ച് ഇതിഹാസം

രണ്ടു തവണകളായി നാലര വർഷത്തോളം റയൽ മാഡ്രിഡ് പരിശീലകനായിരുന്ന സിദാൻ ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ്. മൂന്നു ചാമ്പ്യൻസ് ലീഗും ഒരു ലീഗ് കിരീടവുമടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും റയൽ മാഡ്രിഡ് വിട്ടതിനു ശേഷം മറ്റൊരു ടീമിന്റെ പരിശീലകനാവാൻ അദ്ദേഹം തയ്യാറായില്ല. നിരവധി ക്ലബുകളുടെ ഓഫർ അദ്ദേഹം തഴയുകയും ചെയ്‌തു.

ഖത്തർ ലോകകപ്പിന് ശേഷം ഫ്രാൻസ് ടീമിന്റെ പരിശീലകനാവാം എന്നതായിരുന്നു സിദാനു മുന്നിലുണ്ടായിരുന്ന ലക്‌ഷ്യം. എന്നാൽ ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഫൈനൽ വരെയെത്തി മികച്ച പ്രകടനം നടത്തിയതോടെ ദെഷാംപ്‌സിന് അടുത്ത ലോകകപ്പ് വരെ ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ കരാർ നൽകി. ഇതോടെ ക്ലബ് ഫുട്ബോളിലേക്ക് തിരിച്ചു വരാൻ സിദാൻ ഒരുങ്ങുകയാണ്.

അടുത്ത സീസണോടെ പരിശീലകനാവാൻ ഒരുങ്ങുന്ന സിദാൻ തന്റെ അടുത്ത ക്ലബ്ബിനെ തിരഞ്ഞെടുത്തുവെന്നാണ് ആർഎംസി സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നത്. താൻ മുൻപ് കളിച്ച ഇറ്റാലിയൻ ക്ലബായ യുവന്റസാണ് സിദാന്റെ ലക്‌ഷ്യം. 212 മത്സരങ്ങൾ യുവന്റസിനായി കളിച്ച സിദാൻ രണ്ടു കിരീടങ്ങൾ സ്വന്തമാക്കുകയും രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ചെൽസിയും പിഎസ്‌ജിയും സിദാനെ സ്വന്തമാക്കാൻ താൽപര്യമുള്ള ക്ലബുകളായിരുന്നു. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്പോൾ പരിശീലിപ്പിക്കാൻ ആഗ്രഹമില്ലാത്തതിനെ തുടർന്ന് സിദാൻ ചെൽസിയെ തഴഞ്ഞു. പിഎസ്‌ജിയുടെ ഓഫർ സിദാൻ പൂർണമായും തള്ളിയിട്ടില്ലെങ്കിലും നിലവിൽ മുൻപ് കളിച്ച യുവന്റസിനെ തന്നെയാണ് ഫ്രഞ്ച് ഇതിഹാസം പരിഗണിക്കുന്നത്.

ഈ സീസണ് ശേഷമാകും യുവന്റസ് അല്ലെഗ്രിയുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നുണ്ടാകൂ. പോയത് വെട്ടിക്കുറച്ചതിനെതിരെ അപ്പീൽ പോയ യുവന്റസ് അതിൽ വിജയിച്ച് ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. യൂറോപ്പ ലീഗിൽ സെമി ഫൈനലിൽ എത്തിയ ടീം കിരീടം നെടുമോയെന്നതെല്ലാം അല്ലെഗ്രിയുടെയും സിദാന്റെയും ഭാവിയിൽ നിർണായകമാകും.

Rate this post