സിദാനു പണികൊടുക്കാൻ കൂമാൻ, റയൽ നോട്ടമിട്ട ഫ്രഞ്ച് പ്രതിരോധതാരത്തെ റാഞ്ചാൻ ബാഴ്സ

റയലിന് ആദ്യത്തെ പണി കൊടുത്ത് തുടങ്ങാനാണ് ബാഴ്സലോണയുടെ പുതിയ പരിശീലകനായ കൂമാൻ ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ വ്യക്തമാക്കുന്നത്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടീവോയുടെ റിപ്പോർട്ടുകൾ പ്രകാരം സിദാനു വളരെയധികം താൽപര്യമുള്ള സെവിയ്യയുടെ ഫ്രഞ്ച് പ്രതിരോധതാരം ജൂൾസ് കൂണ്ടെയെയാണ് കൂമാൻ ബാഴ്സയിലെത്തിക്കാൻ ശ്രമിക്കുന്നത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ റയലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നു കേട്ട ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് കൂണ്ടെ. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഫ്രഞ്ച് താരം സെവിയ്യയെ ലീഗിൽ നാലാം സ്ഥാനത്തെത്തിക്കാനും യൂറോപ്പ ലീഗ് കിരീടം നേടുന്നതിനും സഹായിച്ചിരുന്നു. ഇതേത്തുടർന്നാണ് സിദാനു താരത്തിൽ താൽപര്യമുണ്ടായത്.

എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്സ പ്രതിരോധത്തെ അഴിച്ചു പണിയാൻ കൂമാൻ ആവശ്യപ്പെടുന്ന താരങ്ങളിൽ പ്രഥമ സ്ഥാനം കൂണ്ടെക്കാണ്. ഫ്രഞ്ച് താരത്തിന്റെ വേഗതയും പൊസിഷനിംഗ് സെൻസുമാണ് ഡച്ച് പരിശീലകനെ ആകർഷിക്കുന്നത്. ട്രാൻസ്ഫർ മാർക്കറ്റിലും ഒരു റയൽ- ബാഴ്സ പോരിനുള്ള സാധ്യത ഇതോടെ വർദ്ധിച്ചു.

കഴിഞ്ഞ സമ്മറിലാണ് 21 മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ കൂണ്ടെ സെവിയ്യയിലേക്കു ചേക്കേറിയത്. ഒരു സീസൺ കൂടി സ്പാനിഷ് ക്ലബിൽ തുടരാൻ താൽപര്യമുണ്ടെന്നു വ്യക്തമാക്കിയ താരത്തെ ഇപ്പോൾ സ്വന്തമാക്കണമെങ്കിൽ റിലീസിംഗ് തുകയായ എഴുപതു മില്യൺ ബാഴ്സ നൽകേണ്ടി വരും.

Rate this post