യൂറോപ്യൻ ഗോൾഡൻ ഷൂ: മെസിയേക്കാൾ ഒരു പടി മുന്നിൽ റൊണാൾഡോ, ആദ്യ അഞ്ചിൽ ജർമൻ ലീഗ് ആധിപത്യം
യൂറോപ്യൻ ഗോൾഡൻ ഷൂ: മെസിയേക്കാൾ ഒരു പടി മുന്നിൽ റൊണാൾഡോ, ആദ്യ അഞ്ചിൽ ജർമൻ ലീഗ് ആധിപത്യം
തുടർച്ചയായ നാലാമത്തെ തവണയും യൂറോപ്പിലെ ലീഗുകളിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ നേടാനുള്ള ബാഴ്സലോണ നായകൻ ലയണൽ മെസിയുടെ മോഹങ്ങൾക്ക് ഇത്തവണ തിരിച്ചടിയേൽക്കാൻ സാധ്യത. ആദ്യ അഞ്ചിൽ ജർമൻ ലീഗ് താരങ്ങളുടെ ആധിപത്യമുള്ള ഗോൾഡൻഷൂ റാങ്കിംഗിൽ മെസിയുടെ സ്ഥാനം ആറാമതാണ്. സീസൺ പുനരാരംഭിച്ചതിനു ശേഷം ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഗോൾ നേടിയെങ്കിലും സെവിയ്യക്കെതിരെ മോശം പ്രകടനം കാഴ്ച വെച്ച മെസിയുടെ ബൂട്ടുകൾ നിശബ്ദമായിരുന്നു. അതേ സമയം മെസിയുടെ പ്രധാന എതിരാളിയായ റൊണാൾഡോ ഇന്നലെ ബൊളോഗ്നക്കെതിരായ ഗോളോടെ ബാഴ്സലോണ നായകനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി.
നിലവിൽ ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിനു വേണ്ടി ഗോളടിച്ചു കൂട്ടുന്ന സ്റ്റാർ സ്ട്രൈക്കർ ലെവൻഡോവ്സ്കിയാണ് ഗോൾഡൻ ഷൂ റാങ്കിങ്ങിൽ ഒന്നാമതു നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഫ്രീബർഗിനെതിരെ നേടിയ രണ്ടെണ്ണമുൾപ്പെടെ മുപ്പത്തിമൂന്നു ഗോളുകളാണ് പോളണ്ട് സ്ട്രൈക്കർ ഇതു വരെ നേടിയിരിക്കുന്നത്. ലാസിയോയുടെ സിറോ ഇമ്മൊബൈലാണ് രണ്ടാം സ്ഥാനത്ത്. ഇരുപത്തിയേഴു തവണയാണ് ഇറ്റാലിയൻ സ്ട്രൈക്കർ സീരി എയിൽ വല കുലുക്കിയത്. യഥാക്രമം അറുപത്തിയാറും അൻപത്തിനാലും പോയിന്റാണ് ഇരുവർക്കുമുള്ളത്.
അടുത്ത സീസണിൽ ചെൽസിയിലേക്കു ചേക്കേറാനിരിക്കുന്ന ആർബി ലീപ്സിഗ് താരം ടിമോ വെർണർ ഇരുപത്തിയാറു ഗോളുകൾ നേടി അൻപത്തിരണ്ടു പോയിന്റോടെ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ യൂറോപ്പിൽ തരംഗമായി മാറിയ ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവതാരം എർലിംഗ് ഹാലണ്ട് നാലാമതു നിൽക്കുന്നു. ഹാലണ്ട് ഇരുപത്തിയൊൻപതു ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും അതിൽ കൂടുതൽ ഓസ്ട്രിയൻ ലീഗിലാണെന്നത് താരത്തിന്റെ പോയിന്റിൽ പോയിന്റ് കുറയാൻ കാരണമായി. അൻപതു പോയിന്റാണ് ഹാലണ്ടിനുള്ളത്.
റൊണാൾഡോയും മെസിയും അഞ്ചും ആറും സ്ഥാനങ്ങളിൽ നിൽക്കുന്നത് ഒരു ഗോളിന്റെ മാത്രം വ്യത്യാസത്തിലാണ്. റൊണാൾഡോ ഇരുപത്തിരണ്ടും മെസി ഇരുപത്തിയൊന്നും ഗോളുകളാണു ലീഗിൽ നേടിയിരിക്കുന്നത്. യൂറോപ്യൻ ഫുട്ബോൾ ലോകം അടക്കി ഭരിച്ച ഇരു താരങ്ങൾക്കും ഇത്തവണ ഗോൾഡൻ ഷൂ നേടാനുള്ള സാധ്യത വളരെ കുറവാണ്. അതല്ലെങ്കിൽ ഒന്നോ രണ്ടോ അത്ഭുത പ്രകടനം ഇവരിൽ ആരെങ്കിലുമൊരാൾ കാഴ്ച വെക്കേണ്ടി വരും. ജർമൻ ലീഗിനേക്കാൾ മത്സരങ്ങൾ ലാലിഗയിലും സീരി എയിലും ബാക്കിയുണ്ടെന്നതും ഇരുവർക്കും പ്രതീക്ഷയാണ്.