പ്രതീക്ഷയുണർത്തി പുതിയ കൂട്ടുകെട്ട്, പോഗ്ബക്ക് സന്ദേശവുമായി ബ്രൂണോ ഫെർണാണ്ടസ്

പ്രതീക്ഷയുണർത്തി പുതിയ കൂട്ടുകെട്ട്, പോഗ്ബക്ക് സന്ദേശവുമായി ബ്രൂണോ ഫെർണാണ്ടസ്

ഷെഫീൽഡ് യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് മധ്യനിരയിലെ സൂപ്പർതാരങ്ങളായ ബ്രൂണോ ഫെർണാണ്ടസും പോൾ പോഗ്ബയും ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങുന്നതു കാണാൻ കൂടി വേണ്ടിയാണ്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഫെർണാണ്ടസ് ടീമിലെത്തിയതിനു ശേഷം മികച്ച പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുത്തിരുന്നു. എന്നാൽ കൊറോണ വൈറസ് മൂലം സീസൺ നിർത്തി വെക്കുന്നതു വരെ പോഗ്ബയുമായി ഒരുമിച്ചു കളിക്കാൻ പോർച്ചുഗൽ താരത്തിനു കഴിഞ്ഞിരുന്നില്ല. സീസൺ പുനരാരംഭിച്ചതിനു ശേഷം ടോട്ടനം ഹോസ്പറിനെതിരെ നടന്ന മത്സരത്തിലാണ് പോഗ്ബയും ഫെർണാണ്ടസും ആദ്യം ഒരുമിച്ചു കളത്തിലിറങ്ങിയത്.

ടോട്ടനത്തിനെതിരായ മത്സരത്തിൽ പോഗ്ബയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചാണ് ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒപ്പമെത്തിച്ചത്. അടുത്ത മത്സരത്തിൽ തുടക്കം മുതൽ തന്നെ ഇരുതാരങ്ങളും ഒരുമിച്ചു കളത്തിലിറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈഗോയുടെ പ്രശ്നമില്ലാതെ നല്ലൊരു കൂട്ടുകെട്ട് ഈ രണ്ടു താരങ്ങൾ തമ്മിൽ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം. മത്സരത്തിനു മുൻപ് ബ്രൂണോ ഫെർണാണ്ടസ് ചെയ്ത ട്വീറ്റ് ഇതിനു തെളിവാണ്.

ട്രയിനിംഗിനിടയിൽ ഇരുവരും ഗോൾ ആഘോഷിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച ബ്രൂണോ ഫെർണാണ്ടസ് നല്ലൊരു ഗോൾ സെലിബ്രേഷൻ നമുക്കു കണ്ടെത്തണമെന്നാണ് അതിനടിയിൽ കുറിച്ചത്. ഇരുവരും തമ്മിൽ നല്ല സൗഹൃദം നിലനിൽക്കുന്നുണ്ടെന്നത് അതുകൊണ്ടു തന്നെ ഉറപ്പിക്കാം. അതു യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്താൻ സഹായിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇരുതാരങ്ങളെയും ഒരുമിച്ചു കളത്തിലിറക്കുന്ന കാര്യം പരിശീലകൻ സോൾഷയറും വെളിപ്പെടുത്തിയിരുന്നു.

“അവർ തമ്മിലുള്ള കൂട്ടുകെട്ട് ഞങ്ങൾക്കു പടുത്തുയർത്തേണ്ടതാണ്. ഒരുമിച്ചു പരിശീലനം നടത്തിയിരുന്ന ഇരുവരും ഒരു മത്സരത്തിന്റെ അരമണിക്കൂർ സമയത്തോളം ഒരുമിച്ചു കളിക്കുകയും ചെയ്തിരുന്നു. ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടു തന്നെ മികച്ച താരങ്ങളെ ഒരുമിച്ചു കളിപ്പിക്കുകയാണ് ലക്ഷ്യം.” മിററിനോട് സോൾഷയർ പറഞ്ഞു.

അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യുണൈറ്റഡ് യോഗ്യത നേടണമെങ്കിൽ ഇരുതാരങ്ങളും തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാമതുള്ള ചെൽസിയേക്കാൾ അഞ്ചു പോയിന്റ് പിന്നിലാണ്. ചെൽസിക്ക് മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവർക്കെതിരെ മത്സരമുണ്ടെന്നതു യുണൈറ്റഡിനു പ്രതീക്ഷയാണ്.

Rate this post