പ്രീമിയർ ലീഗിലും ലാലിഗയിലും സ്വന്തമാക്കിയ റെക്കോർഡ് സീരി എയിലും ആവർത്തിച്ച് റൊണാൾഡോ

പ്രീമിയർ ലീഗിലും ലാലിഗയിലും സ്വന്തമാക്കിയ റെക്കോർഡ് സീരി എയിലും ആവർത്തിച്ച് റൊണാൾഡോ

ബൊളോഗ്നക്കെതിരായ സീരി എ മത്സരത്തിൽ യുവന്റസിനു വേണ്ടി ആദ്യ ഗോൾ നേടിയതോടെ പ്രീമിയർ ലീഗിലും ലാലിഗയിലും സ്വന്തമാക്കിയ റെക്കോർഡ് നേട്ടം ഇറ്റാലിയൻ ലീഗിലും ആവർത്തിച്ച് ക്രിസ്ത്യാനോ റൊണാൾഡോ. ടൂർണമെന്റിൽ ഏറ്റവുമധികം ഗോളുകൾ നേടിയ പോർച്ചുഗീസ് താരമെന്ന റെക്കോർഡാണ് യുവന്റസിനൊപ്പമുള്ള തന്റെ രണ്ടാമത്തെ സീസണിൽ തന്നെ റൊണാൾഡോ സ്വന്തമാക്കിയത്. യുവന്റസ് രണ്ടു ഗോളുകൾക്കു വിജയിച്ച മത്സരത്തിൽ പെനാൽട്ടിയിലൂടെയാണ് റൊണാൾഡോ ആദ്യ ഗോൾ നേടിയത്. അർജൻറീനിയൻ താരം ഡിബാലയാണു യുവന്റസിന്റെ രണ്ടാമത്തെ ഗോൾ സ്വന്തമാക്കിയത്.

ഈ സീസണിൽ ലീഗിൽ ഇരുപത്തിരണ്ടാമത്തെ ഗോളാണ് റൊണാൾഡോ സ്വന്തമാക്കുന്നത്. യുവന്റസിനൊപ്പമുള്ള ആദ്യ സീസണിൽ ഇരുപത്തിയൊന്നു തവണ ലീഗിൽ വല കുലുക്കിയ റൊണാൾഡോ ഇതുവരെ നാൽപത്തിമൂന്നു ഗോളുകൾ സീരി എയിൽ നേടിയിട്ടുണ്ട്. ഇതോടെ 1994നും 2006നുമിടയിൽ ഫിയോറന്റീനക്കും മിലാനുമായി സീരി എയിൽ കളിച്ച റൂയി കോസ്റ്റയുടെ ഗോൾ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.

ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന പോർച്ചുഗീസ് താരമെന്ന റെക്കോർഡ് പ്രീമിയർ ലീഗിലും ലാലിഗയിലും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. 194 മത്സരങ്ങളിൽ നിന്നും 84 ഗോളുകളാണ് റൊണാൾഡോ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി നേടിയിരിക്കുന്നത്. ലാലിഗയിൽ റയലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ റൊണാൾഡോ 292 മത്സരങ്ങളിൽ നിന്നും 311 ഗോളുകളാണു നേടിയത്. റൊണാൾഡോയുടെ പ്രധാന എതിരാളിയായ ബാഴ്സലോണ നായകൻ മെസി മാത്രമേ താരത്തേക്കാൾ കൂടുതൽ ലാലിഗ ഗോളുകൾ നേടിയിട്ടുള്ളൂ.

ഇറ്റാലിയൻ ഫുട്ബോൾ സീസൺ പുനരാരംഭിച്ചതിനു ശേഷമുള്ള ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ കണ്ടെത്താനാവാഞ്ഞത് റൊണാൾഡോക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇറ്റാലിയൻ ഇതിഹാസമായ ലൂക്ക ടോണി ഒരാളെ ഡ്രിബിൾ ചെയ്തു മുന്നേറാൻ പോലും റൊണാൾഡോക്കു കഴിയുന്നില്ല എന്നാണു തുറന്നടിച്ചത്. ബൊളോഗ്നക്കെതിരെ ഗോൾ നേടി റെക്കോർഡ് നേട്ടം കുറിച്ചത് താരത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. യുവന്റസിനു കിരീടപ്പോരാട്ടത്തിൽ അത് അത്യാവശ്യവുമാണ്.

Rate this post