ടിക്കറ്റിനായി ശ്രമിച്ചത് പത്തുലക്ഷത്തിലധികം പേർ, വിറ്റഴിഞ്ഞത് വെറും രണ്ടു മണിക്കൂർ കൊണ്ട് |Argentina

ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആരാധകബലം എത്രത്തോളമുണ്ടെന്ന് അർജന്റീന തെളിയിച്ചിരുന്നു. മത്സരം ഖത്തറിലായിട്ടും ഫൈനൽ ഉൾപ്പെടെയുള്ള അർജന്റീനയുടെ എല്ലാ മത്സരങ്ങളും അവരുടെ നാട്ടിൽ നടക്കുന്നതു പോലെയാണ് ആരാധകപിന്തുണ ഉണ്ടായിരുന്നത്. മറ്റു ടീമുകളെ മറികടന്നു കിരീടം നേടാൻ ഈ ആരാധകർ അർജന്റീനയെ സഹായിക്കുകയും ചെയ്‌തിരുന്നു.

ലോകകപ്പ് വിജയിച്ചതിനു ശേഷം അർജന്റീന ടീം രാജ്യത്ത് നടത്തിയ ആഘോഷങ്ങളും അവർക്ക് എത്രത്തോളം ആരാധകപിന്തുണയുണ്ടെന്ന് വ്യക്തമാക്കി തരുന്നതായിരുന്നു. ;ലക്ഷക്കണക്കിന് ആരാധകർ ബ്യുണസ് അയേഴ്‌സിൽ ഒത്തുകൂടിയപ്പോൾ തുറന്ന ബസിലുള്ള പരേഡ് നിർത്തി അർജന്റീന ടീമിന് ഹെലികോപ്റ്ററിൽ ആരാധകരെ അഭിവാദ്യം ചെയ്യേണ്ടി വന്നു.

ലോകകപ്പ് വിജയിച്ചതിനു ശേഷം അർജന്റീന ആദ്യമായി കളിക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചപ്പോഴും ഈ ആരാധകരുടെ പിന്തുണ അതുപോലെയുണ്ട്. എൺപത്തിനായിരത്തിലധികം കപ്പാസിറ്റിയുള്ള മൈതാനത്തു വെച്ച് നടക്കുന്ന മത്സരത്തിന് പത്ത് ലക്ഷത്തിലധികം പേരാണ് ശ്രമം നടത്തിയത്. രണ്ടു മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ വിറ്റു തീരുകയും ചെയ്‌തു.

മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്. മാർച്ച് ഇരുപത്തിമൂന്നിനു പനാമക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകളാണ് ഇപ്പോൾ വിറ്റു തീർന്നത്. മാർച്ച് ഇരുപത്തിയെട്ടിന് കുറകാവോക്കെതിരെ അർജന്റീന മറ്റൊരു സൗഹൃദമത്സരം കൂടി കളിക്കുന്നുണ്ടെന്ന് തീരുമാനമായതാണ്. അതിന്റെ ടിക്കറ്റും അടുത്ത ദിവസം വിൽപ്പനക്കായെത്തും.

ലോകകപ്പ് നേടിയത് സ്വന്തം ആരാധകർക്ക് മുന്നിൽ ആഘോഷിക്കുക എന്ന ലക്‌ഷ്യം അർജന്റീനക്കുണ്ട്. അതുകൊണ്ടാണ് താരതമ്യേനെ ദുർബലരായ എതിരാളികളെ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തത്. എന്തായാലും ആരാധകർ ടീമിനൊപ്പം ആഘോഷിക്കാനുള്ള പദ്ധതിയിൽ തന്നെയാണെന്നാണ് ടിക്കറ്റിനു വേണ്ടിയുള്ള ആവശ്യത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

3.2/5 - (4 votes)