റയലിലേക്കോ സിറ്റിയിലേക്കോ അല്ല, പിഎസ്ജി വിടാനുള്ള ആഗ്രഹമറിയിച്ച് കിലിയൻ എംബാപ്പെ
ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ തനിക്ക് ക്ലബ്ബ് വിടണമെന്ന ആവശ്യം പിഎസ്ജിയെ അറിയിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018ൽ ഫുട്ബോൾ ലോകം കണ്ട രണ്ടാമത്തെ വലിയ ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിൽ നിന്നും എംബാപ്പെയുടേത്. റെക്കോർഡ് തുകയായ 156 മില്യൺ യൂറോക്കാണ് 5 വർഷത്തെ കരാറിൽ പിഎസ്ജി എംബാപ്പെയെ സ്വന്തമാക്കിയത്.
ഈ സീസൺ അവസാനത്തോട് കൂടി കരാരവസാനിക്കുന്ന എംബാപ്പെ ഇംഗ്ലണ്ട് അല്ലെങ്കിൽ സ്പൈനിലേക്ക് ചേക്കേറുമെന്നായിരുന്നു അഭ്യുഹങ്ങളുണ്ടായിരുന്നത്. കരാർ പുതുക്കാൻ വിസമ്മതിച്ച താരം ഈ സീസണവസാനം തന്റെ ട്രാൻഫർ തുക നിശ്ചയിക്കാനും പകരക്കാരനെ കണ്ടെത്താനും നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
Kylian Mbappe 'tells PSG he wants to leave' as he eyes Liverpool or Man Utd transfer https://t.co/UnLEuOwb7f
— Mirror Football (@MirrorFootball) September 13, 2020
റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നതെങ്കിലും ഇപ്പോൾ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിലേക്കോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ ചേക്കേറുമെന്നാണ് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെയും റയൽ മാഡ്രിഡിന്റെയും വമ്പൻ ഓഫറുകൾ താരം നിരസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ലാലിഗ വമ്പന്മാരായ ബാഴ്സലോണയും താരത്തിനു വേണ്ടി താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും ലിവർപൂളിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യത കാണുന്നത്. കഴിഞ്ഞ ജനുവരിയിൽ താരം തന്നെ ലിവര്പൂളിലുള്ള തന്റെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. “ലിവർപൂൾ ഇപ്പോൾ ചെയ്യുന്നതെല്ലാം അതിശയകരമായി തോന്നുന്നു. അവർ ഒരു യന്ത്രം പോലെയാണ്. അവർ അവരുടേതായ ഒരു താളം കണ്ടെത്തിയിട്ടുണ്ട്. അവർക്ക് ഞങ്ങൾ വീണ്ടും കളിക്കും, വീണ്ടും കളിക്കുമെന്നുള്ള മാനോഭാവമാണുള്ളത്.”
“നിങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് എല്ലാം എളുപ്പമായി തോന്നാം. എന്നാൽ അത്ര എളുപ്പമല്ല കാര്യങ്ങൾ. ഇവർ സസൂക്ഷ്മം മത്സരങ്ങൾ കളിക്കുന്നു. അവർ എപ്പോഴും ജയിക്കുന്നു.” ഇതിനു ശേഷവും എംബാപ്പെ ലിവര്പൂളിനെക്കുറിച്ച് സംസാരിച്ചിരുന്നു. “അവരുടെ മികച്ച പ്രകടനങ്ങൾ വെറുതെ സംഭവിക്കുന്നതല്ല, അത്രക്കും നിഷ്കരുണമാണവർ മുന്നേറുന്നത്. ഇതെല്ലാം അവരുടെ പരിശീലനസമയത്തെ കഠിനാധ്വാനത്തിന്റെയും മികച്ചൊരു മാനേജറിനെ കിട്ടിയതിന്റെയും ഫലമാണ്”. ലിവർപൂളിനെക്കുറിച്ച് എംബാപ്പെ പറഞ്ഞു.