പ്രഭുസുഖാൻ ഗിൽ :” കേരള ബ്ലാസ്റ്റേഴ്‌സ് വലകാക്കുന്ന സൂപ്പർ ഹീറോ “

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ നിലവിൽ പോയിന്റ് നിലയിൽ മൂന്നാമതാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഇന്ന് ബംഗളുരുവിനെതിരെ വിജയിച്ച് മുന്നേറാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ് . 11 മത്സരങ്ങൾ അവസാനിച്ചപ്പോൾ 20 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. 11 മത്സരങ്ങളിൽ നിന്നും വെറും 10 ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ വഴങ്ങിയിട്ടുള്ളത്. ഇതിൽ നിന്നും കേരള ടീമിന്റെ ഗോൾ കീപ്പറുടെ മികവ് നമുക്ക് മനസ്സിലാവാൻ സാധിക്കും. ഈ സീസണിൽ ഗോൾഡൻ ഗ്ലോവ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ പ്രഭുസുഖാൻ ഗിൽ .

ഗില്ലിന്റെ സാന്നിധ്യമാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് കരുത്ത് പകരുന്ന ഒരു ഘടകം. ഒഡിഷയ്ക്കെതിരായ മത്സരത്തിനിടെ അൽബിനോ ​ഗോമസ് പരുക്കേറ്റ് പുറത്തായതോടെയാണ് ​ഗില്ലിന് ബ്ലാസ്റ്റേഴ്സ് ​ഗോൾവല കാക്കാൻ അവസരം ലഭിച്ചത്. എന്നാൽ തന്നിലേക്കെത്തിയ അവസരം മുതലാക്കിയ ​ഗിൽ തുടർന്ന് നടന്ന ഇല്ല മത്സരങ്ങളിലുമായി നാലു ക്‌ളീൻ ഷീറ്റുകൾ നേടി. ഇന്നലെ ഒഡീഷയ്‌ക്കെതിരേ രണ്ട് ഉജ്വല ഡൈവിംഗ് സേവിംഗ് ഉള്‍പ്പെടെ ആകെ നാല് രക്ഷപ്പെടുത്തലാണ് ഇരുപത്തൊന്നുകാരനായ ഗില്‍ നടത്തിയത്. 8 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ മാത്രമാണ് ഗിൽ വഴങ്ങിയിട്ടുള്ളത്.

എന്നാൽ ഗില്ലുമായി കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസൺ വരെ മാത്രമേ കരാർ ഉള്ളൂ അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കരാർ ഉടനടി പുതുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇന്നലെ ഒഡിഷക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഗോൾകീപ്പറെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു. ഗില്ലിന്റെ പ്രകടനത്തിൽ സംതൃപ്തനാണെന്നും, ടീം മാനേജ്മെന്റ് താരവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നതെന്നും പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു .

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വർഷം പരിശീലനം നേടി. അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. ഇന്ത്യൻ U17,U23 ടീമുകളിൽ കളിച്ചിട്ടുള്ള ഗിൽ ഇന്ത്യൻ U20 ടീം നേടിയ അര്ജന്റീന U20 ടീമിനെതിരായ ചരിത്രവിജയത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ്. ആ മത്സരത്തിൽ ഗിൽ നേടിയ മികച്ച സേവുകൾ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Rate this post