“എന്റെ താരങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്, അവർ കഴിവ് തെളിയിച്ചിരിക്കും ” : ഇവാൻ വുകോമാനോവിച്ച്

വിജയത്തിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ജാംഷെഡ്പൂരിനോടേറ്റ തോൽ‌വിയിൽ നിന്നും കരകയറുക എന്ന വലിയ ലക്ഷ്യവുമായാണ് ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നത്. എന്നാൽ പരിക്കും സസ്‌പെൻഷനും മൂലം പല പ്രമുഖ താരങ്ങളും ഇല്ലാതെയാവും ബ്ലാസ്റ്റേഴ്‌സ് നാളത്തെ മത്സരത്തിൽ ഇറങ്ങുക.

കഴിഞ്ഞ മത്സരത്തിനിടെ സീസണിലെ നാലാം മഞ്ഞക്കാര്‍ഡ് കണ്ട് സസ്‌പെന്‍ഷന്‍ വാങ്ങിയ ഹര്‍മന്‍ജോത് ഖബ്ര, മാര്‍ക്കോ ലെസ്‌കോവിച്ച് എന്നീ പ്രതിരോധനിരക്കാര്‍ ഈസ്റ്റ് ബംഗാളിനെതിരേ പുറത്തിരിക്കും. പ്രതിരോധത്തിലെ മറ്റ് രണ്ട് നിര്‍ണായക സാന്നിധ്യങ്ങളായ റൂയിവ ഹോര്‍മിപാം, നിഷു കുമാര്‍ എന്നിവര്‍ക്ക് ജംഷഡ്പുരിനെതിരായ മത്സരത്തില്‍ പരിക്കേറ്റിരുന്നു. മുന്നേറ്റതനിരയിൽ ഡയസ് ടീമിനൊപ്പം ചേരും എന്നതാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാൻ വകയുള്ള കാര്യം.

“ശരിയാണ്, നാളെ പല താരങ്ങളേയും ലഭ്യമല്ല, എന്നാൽ ഞങ്ങൾക്ക് മറ്റു മികച്ച താരങ്ങൾ ഉണ്ട്, അവരിൽ എനിക്ക് വിശ്വാസമുണ്ട്. അവർക്ക് വരും മത്സരങ്ങളിൽ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്, അവരുടെ കഴിവ് പുറത്തെടുക്കാനുള്ള അവസരമാണിത്” ഇന്നു നടന്ന വാർത്തസമ്മേളനത്തിൽ പല താരങ്ങളെയും നാളത്തെ മത്സരത്തിന് ലഭ്യമല്ലല്ലോ എന്ന ചോദ്യം ഉയർന്നപ്പോൾ വളരെ പോസിറ്റീവായുള്ള മറുപടിയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് നൽകിയത്.

അതിനിടയിൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന ഹോർമിപാം സീസണിന്റെ അവസാനത്തിൽ തിരിച്ചെത്താം എന്ന സൂചനകളും ഇവാൻ നൽകി.”അവൻ നാളെ ഞങ്ങളോടൊപ്പം (ഹോട്ടലിൽ) തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സീസണിന്റെ അവസാനത്തിൽ അദ്ദേഹത്തിന് കുറച്ച് ഗെയിമുകൾ കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” വാർത്ത സമ്മേളനത്തിൽ ഇവാൻ പറഞ്ഞു.സീസണിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്ത് പോകേണ്ടിവന്ന കെ.പി. രാഹുല്‍ കൂടുതല്‍ പരിശീലനം നടത്തുന്നുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വ്യക്തമാക്കി.

“രാഹുൽ ഇന്നത്തെ പരിശീലന സെഷനിൽ കൂടുതൽ പങ്കെടുക്കും, നാളെ കളിക്കാനാകുമോ എന്ന് ഇന്ന് തന്നെ അറിയാം . എന്നാൽ ഞങ്ങൾ അവനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കും അല്ലാത്തപക്ഷം പരിക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ടാകും. അതുകൊണ്ട് നമുക്ക് നോക്കാം” രാഹുലിനെക്കുറിച്ച് ഇവാൻ പറഞ്ഞു. ഹോര്‍മിപാം, ലെസ്‌കോവിച്ച്, ഖബ്ര എന്നിവർക്ക് പകരമിറങ്ങാൻ മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സിലുണ്ടെന്നും ഇവാൻ പറഞ്ഞു.

ഞങ്ങൾക്ക് നല്ല കളിക്കാരുണ്ട്, അതുകൊണ്ടാണ് ഞങ്ങൾക്ക് ഒരു ടീമുള്ളത്. ഞങ്ങളുടെ എല്ലാ കളിക്കാർക്കും കളിക്കാൻ അവസരം ലഭിച്ചു .അവർ കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിച്ചു ,അവർ കളിയ്ക്കാൻ തയ്യാറായി ഇരിക്കുകയാണ്” ഇവാൻ പറഞ്ഞു.ഇന്ന് വൈരുന്നേരം നടക്കുന്ന പരിശീല സെഷന്‍കൂടി കഴിഞ്ഞാല്‍ മാത്രമേ നിഷു ഈസ്റ്റ് ബംഗാളിനെതിരേ കളിക്കുമോ എന്ന് പറയാനാകൂ എന്ന് ഇവാൻ പറഞ്ഞു.